ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ജയില്‍ ഭീഷണി; പ്രതിഷേധത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയ നിലപാട് മാറ്റി

സിഡ്‌നി- കോവിഡ് വ്യാപനം അതിരൂക്ഷമായ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും പിഴയും നല്‍കി ശിക്ഷിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന് തിരുത്തി. മേയ് 15 വരെ ഇന്ത്യയില്‍ നിന്നുള്ള യാത്ര ചെയ്‌തെത്തുന്നവര്‍ക്ക് ഓസ്‌ട്രേലിയ പ്രവേശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു ലംഘിക്കുന്ന ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരെ ശിക്ഷിക്കുമെന്നായിരുന്നു പ്രധാനന്ത്രി സ്‌കോട്ട് മോറിസന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതോടെ ജയില്‍ ശിക്ഷ നല്‍കാന്‍ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി മോറിസന്‍ വ്യക്തമാക്കി. 

നിലവില്‍ 9000ഓളം ഓസ്‌ട്രേലിയക്കാരാണ് ഇന്ത്യയിലുള്ളത്. ഇവരില്‍ ഐപിഎല്‍ കളിക്കാന്‍ വന്ന ഏറെ പ്രശസ്തരായ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളും ഉള്‍പ്പെടും. പ്രധാനമന്ത്രി മോറിസന്റെ തീരുമാനം അപമാനകരമാണെന്നെ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ മൈക്കല്‍ സ്ലേറ്റര്‍ പ്രതികരിച്ചിരുന്നു. 

ഒരു മൂന്നാം തരംഗത്തില്‍ നിന്നും ഓസ്‌ട്രേലിയയെ രക്ഷിക്കാനുള്ള തീരുമാനങ്ങളാണ് താന്‍ സ്വീകരിക്കുന്നതെന്നും ഇന്ത്യയിലുള്ളവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിയുടെ രൂക്ഷതയില്‍ ഓസ്‌ട്രേലിയ ഇതുവരെ രക്ഷപ്പെട്ടത് ലോകത്തെ തന്നെ കടുത്ത അതിര്‍ത്തി പ്രവേശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ്.

Latest News