ന്യൂദല്‍ഹി- ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് നാലു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ഏപ്രിലില്‍ ഇത് എട്ടു ശതമാനത്തോളമാണ്. സംസ്ഥാനങ്ങള്‍ കോവിഡ് രണ്ടാം തരംഗം തടയുന്നതിന് ലോക്ഡൗണ്‍ അടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതോടെ ഇത് ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍. മാര്‍ച്ചില്‍ 6.5 ശതമാനമായിരുന്ന തൊഴിലില്ലായ്മ ഏപ്രിലില്‍ 7.97 ശതമാനമായാണ് ഉയര്‍ന്നത്. കഴിഞ്ഞ മാസം 70 ലക്ഷം പേര്‍ക്കാണ് ജോലി പോയതെന്ന് സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോനിറ്ററിങ് ഇക്കോണമിയുടെ റിപോര്‍ട്ട് പറയുന്നു.
തൊഴിലവസരങ്ങളില്‍ വലിയ കുറവുണ്ടായി. ഇത് ലോക്ഡൗണ്‍ കാരണമാകാം. കോവിഡ് സാഹചര്യം വളരെ മോശമായി തന്നെ തുടരുന്നതിനാല്‍ ഈ സ്ഥിതി മേയിലും തുടര്‍ന്നേക്കാമെന്ന് സിഎംഐഇ എംഡി മഹേഷ് വ്യാസ് പറഞ്ഞു.
കോവിഡ് ആദ്യ തരംഗമുണ്ടായ 2020 മാര്‍ച്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മൂലം കോടിക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമായിരുന്നു. ഇത് രാജ്യത്തിന്റെ സമ്പദ് ഘടനയെ മുരടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ലോക്ഡൗണ്‍ പോലുള്ള നടപടികള്‍ അവസാന മാര്‍ഗമെന്ന നിലയില്‍ മാത്രമെ പ്രയോഗിക്കാവൂ എന്നാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളെ ഉപദേശിക്കുന്നത്.
തൊഴിലില്ലായ്മാ നിരക്ക് വര്‍ധിക്കുന്നതും മെച്ചപ്പെടാനുള്ള സാധ്യത ഇല്ലാത്തതും രാജ്യത്തിന്റെ ഈ വര്‍ഷത്തെ പ്രതീക്ഷിത സാമ്പത്തിക വളര്‍ച്ചയെയും ബാധിച്ചേക്കും. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി കണക്കിലെടുത്തു പല സാമ്പത്തിക വിദഗ്ധരും അവരുടെ പ്രവചനങ്ങള്‍ തിരുത്തിയിട്ടുണ്ട്.






