ഏഷ്യക്കാരെ പിക്കപ്പ് കയറ്റി കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

അറസ്റ്റിലായ തിമോത്തി നീല്‍സണ്‍

ഷിക്കോഗോ-അമേരിക്കയിലെ ഷിക്കോഗെയില്‍ പിക്‌നിക്കെനത്തിയവരെ പിക്കപ്പ് കയറ്റി കൊല്ലാന്‍ ശ്രമച്ചയാളെ അറസ്റ്റ് ചെയ്തു. ഏഷ്യക്കാര്‍ക്കെതിരെ ആക്രോശം നടത്തിയാണ് ഇയാള്‍ പിക്കപ്പ് പിറകോട്ടെടുത്ത് ആള്‍ക്കാരെ ഇടിച്ച് തെറിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തിമോത്തി നീല്‍സണ്‍ എന്നയാളെ കൊലപാതകശ്രമം ചുമത്തി അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റുവെന്നും ഗുരുതരാവസ്ഥയിലായ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
ജന്മദിനാഘോഷത്തിന്റെ ഭാഗമായി പിക്‌നിക്കിനെത്തിയ പത്ത് പേരിലേക്കാണ് 57 കാരനായ പ്രതി വാഹനം കയറ്റിയത്. നീല്‍സണ്‍ മനഃപൂര്‍വമാണ് പിക്കപ്പ് പിറകോട്ടെടുത്തതെന്നും ബൈക്കുകളും കസേരകളും കൂളറും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ആളുകളിലേക്ക് കയറിയതെന്നും പോലീസും പ്രോസിക്യൂട്ടര്‍മാരും പറഞ്ഞു. പ്രതിക്ക് ജാമ്യം നല്‍കേണ്ടതില്ലെന്ന് കുക്ക് കൗണ്ടി ജഡ്ജി ജോണ്‍ ഫിറ്റ്‌സജെറാള്‍ഡ് ഉത്തരവിട്ടു.
എന്താണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് നോക്കൂ എന്ന് പറഞ്ഞാണ് നീല്‍സണ്‍ ആള്‍ക്കുട്ടത്തിലേക്ക് വാഹനം പിറകോട്ടെടുത്തതെന്ന്് ദൃക്‌സാക്ഷിയായ ഒരു സ്ത്രീ പോലീസിനോട് പറഞ്ഞു. വാഹനത്തില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

 

Latest News