പഴയ ഐ ഫോണുകളുടെ സ്പീഡ്  കുറച്ചതായി  ആപ്പിള്‍ സമ്മതിച്ചു

ന്യൂദല്‍ഹി- പഴയ ഐ ഫോണുകളുടെ പ്രവര്‍ത്തന വേഗത ആപ്പിള്‍ മനപ്പൂര്‍വ്വം കുറക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ കമ്പനി ശരിവെച്ചു. പഴയ മോഡലുകള്‍ കാലക്രമേണ വേഗത കുറച്ചു കൊണ്ടു വന്നിട്ടുണ്ടെന്നും പഴകിയ ബാറ്ററിയെ സംരക്ഷിക്കാനാണ് ഇതു ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. പഴക്കം ചെന്ന ബാറ്ററിയിലും പരമാവധി പ്രവര്‍ത്തനക്ഷമത ഉറപ്പു വരുത്താന്‍ ചില ഫീച്ചറുകള്‍ എടുത്തു മാറ്റിയിട്ടുണ്ട്. ഐഫോണ്‍ 6, ഐഫോണ്‍ 6എസ്, ഐഫോണ്‍ എസ്ഇ, ഐഫോണ്‍ 7 എന്നീ മോഡലുകളാണ് ഇതു ചെയ്തിട്ടുണ്ടെന്ന് ആപ്പിള്‍ സമ്മതിച്ചു.
ഐഫോണിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും കൂടുതല്‍ കാലത്തേക്കുള്ള ഉപയോഗക്ഷമതയും ഉറപ്പുവരുത്തി ഉപഭോക്താക്കള്‍ക്ക് മകിച്ച അനുഭവം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം- കമ്പനി വിശദീകരിച്ചു.

സാമൂഹിക മാധ്യമമായ റെഡിറ്റില്‍ വലിയ ചര്‍ച്ചാ വിഷയമായതോടെയാണ് പഴയ ഐ ഫോണുകളുടെ വേഗത കമ്പനി തന്നെ മനപ്പൂര്‍വം കുറച്ചകാര്യം പുറത്തറിയുന്നത്. സ്മാര്‍ട്ഫോണ്‍ ടെസ്റ്റിങ് സ്ഥാപനമായ ഗീക്ക്ബെഞ്ച് ഇതു തെളിയിക്കുന്ന വിവരങ്ങളും കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. ഐ ഫോണുകളിലെ ഓപറേറ്റിങ് സിസ്റ്റമായ ഐഒഎസ് അപ്ഡേറ്റുകളിലൂടെയാണ്  ഐ ഫോണുകളുടെ സ്പീഡ് ആപ്പിള്‍ കുറച്ചിരുന്നത്. 


 

Latest News