Sorry, you need to enable JavaScript to visit this website.

സിനിമാ താരങ്ങളായ മുകേഷും ഗണേഷും  രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗങ്ങളായേക്കും 

തിരുവല്ല- രണ്ടാം പിണറായി മന്ത്രിസഭയില്‍ സിനിമാ നടന്‍ മുകേഷും അംഗമായേക്കും. കൊല്ലത്തെ അഭിമാനപ്പോരാട്ടത്തില്‍ സീറ്റ് നിലനിര്‍ത്തിയ മുകേഷിനെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കാനാണ് സാധ്യത. കല, സാംസ്‌കാരിക വകുപ്പ് മന്ത്രിസ്ഥാനം മുകേഷിനു നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിനിമാ മേഖലയിലെ പ്രമുഖരുമായി മുകേഷിനുള്ള ബന്ധം ഗുണം ചെയ്യും.മുകേഷിനു പുറമെ മറ്റൊരു സിനിമാ താരം കൂടി പിണറായി മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും. പത്തനാപുരത്ത് നിന്ന് വിജയിച്ച ഗണേഷ് കുമാറാണ് അത്. കേരള കോണ്‍ഗ്രസ് (ബി) ഒരു മന്ത്രിസ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നാണ് മുന്നണിയിലെ വിലയിരുത്തല്‍. അങ്ങനെയാണെങ്കില്‍ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തിനു അര്‍ഹനാണ്. ഗതാഗതവകുപ്പ് തന്നെ ഗണേഷ് കുമാറിന് നല്‍കാനാണ് സാധ്യത. നേരത്തെ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെ ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.
കേരള കോണ്‍ഗ്രസ് (എം) ജോസ് കെ.മാണി വിഭാഗത്തിനു രണ്ട് മന്ത്രിമാരെ കിട്ടിയേക്കും. പാലായില്‍ ജോസ് കെ.മാണി തോറ്റത് ഒഴിച്ചു നിര്‍ത്തിയാല്‍ മികച്ച പ്രകടനമാണ് പാര്‍ട്ടി നടത്തിയത്. ജോസ് കെ.മാണി വിജയിച്ചിരുന്നെങ്കില്‍ രണ്ടാം പിണറായി മന്ത്രിസഭയില്‍ അംഗമാകുമായിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്ന് എന്‍.ജയരാജ്, റോഷി അഗസ്റ്റിന്‍ എന്നിവര്‍ക്കാണ് ഇത്തവണ മന്ത്രിയാകാന്‍ അവസരം ലഭിക്കുക. കാഞ്ഞിരപ്പള്ളിയില്‍ 13,722 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയരാജ് ജയിച്ചത്. ഇടുക്കിയില്‍ 5573 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റോഷി അഗസ്റ്റിന്റെ വിജയം.
 

Latest News