പരാജയം നേതാക്കളുടെ തലയിൽ വെച്ച് അവരെ വേട്ടയാടരുത്-മുനവറലി തങ്ങൾ

മലപ്പുറം- തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം നേതാക്കളുടെ തലയിൽവെച്ച് അവരെ വേട്ടയാടുന്നത് ശരിയായ രീതിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ. പരാജയത്തിൽനിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്തം നേതാക്കൾ നിർവ്വഹിക്കുമെന്നും ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്നും മുനവറലി തങ്ങൾ വ്യക്തമാക്കി. 
തെരഞ്ഞെടുപ്പിലെ തോൽവിയും ജയവും ആദ്യത്തെ സംഭവമല്ല. ജനവിധിയിൽ പാഠങ്ങളുണ്ട്. പരാജയങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് ഫിനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുന്നതാണ് മുസ്ലിംലീഗിന്റെ ചരിത്രം. വലിയ പരാജയത്തിൽനിന്ന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയത്തിലേക്ക് പാർട്ടി ഉയർന്നുവന്ന കാലമുണ്ടായിട്ടുണ്ട്. തെറ്റുകൾ തിരുത്തിയും കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തിയും പാർട്ടി മുന്നേറുക തന്നെ ചെയ്യും. 
പാർട്ടി സംവിധാനങ്ങളും പ്രവർത്തകരും മികച്ച രീതിയിൽ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രവർത്തിച്ചത്. ഇടതു തരംഗത്തിലും അടിയൊഴുക്കുകളിലും ഉലഞ്ഞുപോയി എന്നത് അംഗീകരിക്കുമ്പോൾ തന്നെ പാർട്ടിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചവരുടെ അധ്വാനത്തെ വിലമതിച്ചേ മതിയാകൂ. 
സാമൂഹിക ശാക്തീകരണവും സേവന പ്രവർത്തനങ്ങളും പൂർവ്വാധികം ശക്തമായി മുസ്ലിംലീഗ് തുടരും. 
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മഹനീയ നേതൃത്വത്തിനു പിന്നിൽ അടിയുറച്ച് നമുക്ക് ഒന്നിച്ചു നീങ്ങാമെന്നും തങ്ങൾ ഫെയ്‌സ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
 

Latest News