ന്യൂദല്‍ഹി- ദല്‍ഹി ഹൈക്കോടതി നിര്‍ദേശ പ്രകാരം റെയ്ഡ് നടത്തിയ ദല്‍ഹിയിലെ ആധ്യാത്മിക് വിശ്വ വിദ്യാലയ ആശ്രമത്തില്‍ നൂറിലേറെ സ്ത്രീകളേയും പെണ്‍കുട്ടികളേയും ഇരുമ്പഴിക്കുള്ളില്‍ മൃഗങ്ങളെ പോലെ തടവിലിട്ടിരിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ഇവരില്‍ പലരേയും വര്‍ഷങ്ങളോളും ലൈംഗികമായി ചൂഷണം ചെയ്തിട്ടുമുണ്ട്. ഈ ആശ്രമത്തിന്റെ സ്ഥാപകന്‍ വിരേന്ദര്‍ ദേവ് ദിക്ഷിതിനുമെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.
ഉടന്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് അന്വേഷണമാരംഭിക്കാനാണ് സിബിഐ ഡയറക്ടറോട് കോടതി ആവശ്യപ്പെട്ടത്. ആശ്രമത്തിനെതിരെ ദല്‍ഹിയില്‍ രജിസറ്റര്‍ ചെയ്ത പെണ്‍കുട്ടികളെ കാണാതായ കേസുകളും ലൈംഗിക അതിക്രമങ്ങളും ആത്മഹത്യകളും എസ്ഐടി അന്വേഷിക്കും.
കോടതി നിയോഗിച്ച സംഘം ആശ്രമത്തില്‍ നടത്തിയ പരിശോധയെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഭിഭാഷകരായ നന്ദിത റാവു, അജയ് വര്‍മ, അജയ് വര്‍മ, ദല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.
ആശ്രമത്തിനെതിരെ ഉത്തര്‍ പ്രദേശിലും കേസ് നിലവിലുണ്ട്. എന്നാല്‍ ദല്‍ഹിയിലെ കേസ് മാത്രമാണ് സിബിഐ അന്വേഷിക്കുക. ആശ്രമം പ്രവര്‍ത്തിക്കുന്ന കെട്ടിടവും കോടതിയുടെ നിരീക്ഷണത്തിലായിരിക്കുകയാണ്. ഇതു നിയമവിധേയമായി നിര്‍മ്മിച്ചതാണോ എന്നന്വേഷിക്കാന്‍ ദല്‍ഹി നോര്‍ത്ത് കോര്‍പറേഷന്‍ കമ്മീഷണറോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. നിയമവിരുദ്ധമെന്ന് കണ്ടാല്‍ നടപടി സ്വീകരിക്കാനും കമ്മീഷണറോട് ആവശ്യപ്പെട്ടു.






