Sorry, you need to enable JavaScript to visit this website.

മാനന്തവാടി മണ്ഡലത്തിലെ കനത്ത തോൽവി; ഡി.സി.സി ജനറൽ സെക്രട്ടറി രാജിവെച്ചു

കൽപറ്റ- നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി പട്ടികവർഗ സംവരണ മണ്ഡലത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മിയുടെ തോൽവിയിൽ ഞെട്ടൽ മാറാതെ യു.ഡി.എഫ് നേതൃത്വം. കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, കെ.സി.വേണുഗോപാൽ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരടക്കം പ്രമുഖർ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ഇറങ്ങിയിട്ടും  മുൻ മന്ത്രിയുമായ ജയലക്ഷ്മിക്കു കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 9,282 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിറ്റിംഗ് എം.എൽ.എയായ സി.പി.എമ്മിലെ ഒ.ആർ.കേളു യു.ഡി.എഫ് സ്ഥാനാർഥിയെ വീഴ്ത്തിയത്. 2016ലെ 1,307  വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ കേളു മെച്ചപ്പെടുത്തിയത്. എൽ.ഡി.എഫ് ജില്ലാ, നിയോജകമണ്ഡലം നേതൃത്വത്തെ അദ്ഭുതപ്പെടുത്തിയ വിജയമാണ് കേളു സ്വന്തമാക്കിയത്. ശക്തികേന്ദ്രമെന്നു യു.ഡി.എഫ് ഊറ്റംകൊള്ളുന്ന പഞ്ചായത്തുകളിൽപോലും എൽ.ഡി.എഫ് വൻ മുന്നേറ്റം നടത്തി.


മണ്ഡലത്തിലെ യു.ഡി.എഫ് വോട്ടുകൾ അപ്പാടെ നേടാൻ ജയലക്ഷ്മിക്കു കഴിഞ്ഞില്ല. ഇതാണ് അവരുടെ തോൽവിക്കു അടിസ്ഥാന കാരണം. ഇത്രയധികം യു.ഡി.എഫ് വോട്ടുകൾ എങ്ങനെ നഷ്ടമായി എന്ന ചിന്തയാണ് ഇപ്പോൾ കോൺഗ്രസ്, മുസ്‌ലിം ലീഗ് നേതൃത്വത്തെ അലട്ടുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡി.സി.സി ജനറൽ സെക്രട്ടറി എം.ജി.ബിജു ഇന്നലെ പദവി രാജിവെച്ചു. മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു മുൻനിരയിൽ പ്രവർത്തിച്ചവരിൽ ഒരാളാണ്  തവിഞ്ഞാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിജു. തോൽവിയുടെ കാരണം പരിശോധിക്കുമെന്നു ജയലക്ഷ്മിയും വ്യക്തമാക്കിയിട്ടുണ്ട്. 


മാനന്തവാടി നഗരസഭയും എടവക, തിരുനെല്ലി, തവിഞ്ഞാൽ, പനമരം, വെള്ളമുണ്ട, തൊണ്ടർനാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. ഇത്രയും തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നിൽപോലും നാലക്കം ലീഡ് നേടാൻ ജയലക്ഷ്മിക്കു കഴിഞ്ഞില്ല. നഗരസഭയിൽ  3,199-ഉം  തിരുനെല്ലി പഞ്ചായത്തിൽ 5,275-ഉം എടവക പഞ്ചായത്തിൽ 1,217-ഉം  തൊണ്ടർനാട് പഞ്ചായത്തിൽ 573-ഉം വോട്ട് ലീഡ് എൽ.ഡി.എഫ് നേടി. നിലവിൽ യു.ഡി.എഫ് ഭരണത്തിലാണ് നഗരസഭ. സ്വന്തം പഞ്ചായത്തായ തവിഞ്ഞാലിൽ ജയലക്ഷ്മിക്കു മികച്ച  പ്രകടനം കാഴ്ചവയ്ക്കാനായില്ല. 319 വോട്ടു മാത്രാണ് യു.ഡി.എഫ് ഭരണത്തിലുള്ള തവിഞ്ഞാലിൽ ജയലക്ഷ്മിക്കു ലീഡ്. മുസ്‌ലിം ലീഗിനു ആഴത്തിൽ വേരോട്ടമുള്ള വെള്ളമുണ്ടയിൽ 297-ഉം പനമരത്തു 479-ഉം വോട്ടിന്റെ  ഭൂരിപക്ഷമാണ് യു.ഡി.എഫിനു ലഭിച്ചത്. 


യു.ഡി.എഫ് കോട്ടയെന്നു ഖ്യാതിയുണ്ടായിരുന്ന മണ്ഡലമാണ് മാനന്തവാടി. നോർത്ത് വയനാട് എന്നായിരുന്നു നേരത്തേ മണ്ഡലത്തിന്റെ പേര്. കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം പഞ്ചായത്തുകളും ഒരു പതിറ്റാണ്ടു മുമ്പുവരെ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. 1970, 1977, 1982, 1987, 1991, 1996, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പമായിരുന്നു വടക്കേവയനാട്. 2006ലെ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിലെ പി.ബാലനെ വീഴ്ത്തി  സി.പി.എമ്മിലെ കെ.സി.കുഞ്ഞിരാമൻ വടക്കേവയനാട് എം.എൽ.എയായി. ഇതിനു മുമ്പു 1965, 1967  തെരഞ്ഞെടുപ്പുകളിലാണ് മണ്ഡലത്തിൽ  ഇടതു സ്ഥാനാർഥികൾ വിജയിച്ചത്. 2011ലെ തെരഞ്ഞെടുപ്പിൽ കെ.സി.കുഞ്ഞിരാമനെ കോൺഗ്രസ് ടിക്കറ്റിൽ കന്നിയങ്കത്തിനിറങ്ങിയ ജയലക്ഷ്മി 12,734 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്  മറികടന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അകപ്പോരാണ് ജയലക്ഷ്മിക്കു വിനയായത്. ഇക്കുറി പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങൾ പറഞ്ഞൊതുക്കി മത്സരത്തിനിറങ്ങിയ ജയലക്ഷ്മി വിജയ പ്രതീക്ഷയിലായിരുന്നു. 


നിയോജകമണ്ഡലത്തിൽ  കഴിഞ്ഞ അഞ്ചുവർഷം നടന്ന വികസനം വോട്ടായി മാറിയതാണ് ഒ.ആർ.കേളുവിന്റെ ഉജ്ജ്വലവിജയത്തിനു പിന്നിലെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ വിലയിരുത്തൽ. മാനന്തവാടി ജില്ലാ ആശുപത്രി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയായി താത്കാലികമായി ഉയർത്തിയ സർക്കാർ നടപടി വോട്ടർമാരെ വലിയ തോതിൽ സ്വാധീനച്ചതായും അവർ കരുതുന്നു. സൗകര്യങ്ങൾ മെച്ചപ്പെടുത്താതെ ജില്ലാ ആശുപത്രിക്കു മുന്നിൽ മെഡിക്കൽ കോളേജ് എന്ന ബോർഡ് വെച്ചത് തെരഞ്ഞെടുപ്പു മുന്നിൽക്കണ്ടുള്ള കള്ളക്കളികളുടെ ഭാഗമായിരുന്നുവെന്ന വാദം വോട്ടർമാർക്കുമുന്നിൽ യു.ഡി.എഫ് ഉയർത്തിയെങ്കിലും വിലപ്പോയില്ലെന്നാണ് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. 

 

Latest News