Sorry, you need to enable JavaScript to visit this website.

പാലക്കാട് യു.ഡി.എഫിനെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി

പാലക്കാട് - ജില്ലയിൽ യു.ഡി.എഫിനെ കാത്തിരിക്കുന്നത് കനത്ത പ്രതിസന്ധി. ചെറിയ ഭൂരിപക്ഷത്തിൽ മണ്ണാർക്കാട്, പാലക്കാട് എന്നീ സിറ്റിംഗ് സീറ്റുകൾ നിലനിർത്താനായത് നേരിയ ആശ്വാസം പകരുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ഇടതുമുന്നണിയുടെ ഭൂരിപക്ഷം കുതിച്ചുയർന്നത് വലിയ ആശങ്കയാണ് യു.ഡി.എഫ് ക്യാമ്പിൽ വിതച്ചിരിക്കുന്നത്. ഷൊർണൂരിൽ പി. മമ്മിക്കുട്ടിയാണ് ജില്ലയിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത്, 36674 വോട്ട്. ഇവിടെ മമ്മിക്കുട്ടി 74400 വോട്ട് നേടിയപ്പോൾ യു.ഡി.എഫിലെ ഫിറോസ് ബാബുവിന് 37726 വോട്ട് മാത്രമാണ് കിട്ടിയത്. ബി.െജ.പി സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് 36973 വോട്ട് കിട്ടി. യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം ആയിരത്തിൽ താഴെ മാത്രം. 


ആലത്തൂർ (34118), ചിറ്റൂർ (33878), നെന്മാറ (28704) കോങ്ങാട് (27219), മലമ്പുഴ (25734) തരൂർ (24531) എന്നിവയാണ് ജില്ലയിൽ ഇടതുമുന്നണിക്ക് വമ്പൻ ഭൂരിപക്ഷം സമ്മാനിച്ച മറ്റു മണ്ഡലങ്ങൾ. യു.ഡി.എഫ് സ്വന്തം ശക്തിേകന്ദ്രമായി കാണുന്ന പട്ടാമ്പിയിൽ 17974 വോട്ടിനാണ് എൽ.ഡി.എഫിലെ മുഹമ്മദ് മുഹ്‌സിൻ വിജയിച്ചത്. പഴയ മുഖങ്ങളെത്തന്നെ വീണ്ടും അവതരിപ്പിക്കുന്നു എന്നതാണ് യു.ഡി.എഫിനെതിരേ എപ്പോഴും ഉയർന്നു വരാറുള്ള വിമർശനം. എന്നാൽ ഇക്കുറി ചെറുപ്പക്കാരുടെ വലിയ ഒരു നിരയെത്തന്നെയാണ് യു.ഡി.എഫ് ജില്ലയിൽ കളത്തിലിറക്കിയിരുന്നത്. ജില്ലയിൽ കോൺഗ്രസ് മൽസരിച്ച ഒമ്പതു സീറ്റിൽ എട്ടിടത്തും സ്ഥാനാർത്ഥികളുടെ പ്രായം 45 വയസ്സിൽ താഴെയായിരുന്നു. സിവിൽ സർവ്വീസ് ഉപേക്ഷിച്ച് ഒറ്റപ്പാലത്ത് മൽസരിച്ച ഡോ.സരിനും ഇതിലുൾപ്പെടുന്നു. 'ജൂനിയർ ശശി തരൂർ' എന്ന് കോൺഗ്രസുകാർക്കിടയിൽ വിളിപ്പേരുള്ള സരിന് ഒറ്റപ്പാലത്ത് ഒരു ചലനവും ഉണ്ടാക്കാനാവാതിരുന്നത് ശ്രദ്ധേയമായി. 


തൃത്താലയിൽ വി.ടി.ബൽറാമിന്റെ പരാജയമാണ് യു.ഡി.എഫിന് ഉണ്ടായ ഏറ്റവും വലിയ ആഘാതം. കോൺഗ്രസിലെ പുതുതലമുറ രാഷ്ട്രീയത്തിന്റെ വക്താവായി അറിയപ്പെടുന്ന ബൽറാം പരാജയപ്പെടുമെന്ന് പാർട്ടിക്കോ മുന്നണിക്കോ ആശങ്കയുണ്ടായിരുന്നില്ല. മലമ്പുഴയിൽ സി.പി.എമ്മും ബി.െജ.പിയും തമ്മിൽ നടക്കുന്ന മൽസരത്തിനിടയിൽ കോൺഗ്രസിന് പ്രസക്തി നഷ്ടപ്പെടുന്നതും തലവേദനയാകുന്നു. ഇത്തവണ മലമ്പുഴയിൽ യു.ഡി.എഫിനേക്കാൾ പതിനയ്യായിരത്തോളം വോട്ട് ബി.െജ.പി നേടി. പാലക്കാട്ട് മൂവായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞത് ഷാഫി പറമ്പിൽ എന്ന സ്ഥാനാർത്ഥിയുടെ മികവ് കൊണ്ടാണെന്നാണ് വിലയിരുത്തൽ. 


മുസ്ലിംലീഗിനും ജില്ലയിൽ ക്ഷീണം തന്നെയാണ്. മണ്ണാർക്കാട്ടെ സിറ്റിംഗ് സീറ്റ് ആറായിരത്തിൽ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സംരക്ഷിക്കാനായത്. മൽസരിച്ച രണ്ടാം സീറ്റായ കോങ്ങാട്ട് ചിത്രത്തിലേ ഉണ്ടായില്ല. പട്ടാമ്പി,തൃത്താല മണ്ഡലങ്ങളിലെ തോൽവി ലീഗിനും തിരിച്ചടിയായി. മുസ്ലിംവോട്ടർമാർ കൂടുതലായി ഇടതുപക്ഷത്തേക്ക് ചായുകയാണ് എന്നതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സൂചനയെന്ന് സംസ്ഥാനതലത്തിൽത്തന്നെ വിലയിരുത്തലുണ്ട്. അത് ജില്ലയിലും പ്രകടമാണ്. 


ജില്ലയിൽ കോൺഗ്രസ് ശക്തിപ്പെടാതെ യു.ഡി.എഫിന് രക്ഷയില്ലെന്ന് നേതാക്കൾ തന്നെ സ്വകാര്യസംഭാഷണങ്ങളിൽ പറയുന്നു. ലോകസഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനായതിന്റെ ആശ്വാസത്തിലായിരുന്നു പാർട്ടി ഇതുവരെ. 
തദ്ദേശ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞിട്ടും വി.െക. ശ്രീകണ്ഠൻ എം.പി ഡി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത് ആ പിടിവള്ളിയിലാണ്. 
ജില്ലയിലെ മുതിർന്ന നേതാക്കൾ ഒന്നടങ്കം വി.െക.ശ്രീകണ്ഠൻ- ഷാഫി പറമ്പിൽ അച്ചുതണ്ടിനെതിരാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എ.വി.ഗോപിനാഥിന്റെ പൊട്ടിത്തെറിയിലൂടെ അത് പ്രകടമായി. വരാനിരിക്കുന്ന ദിവസങ്ങൾ പാർട്ടിക്കോ മുന്നണിക്കോ സുഖകരമാവില്ലെന്ന് ചുരുക്കം.


 

Latest News