Sorry, you need to enable JavaScript to visit this website.

കെ.പി.സി.സി പ്രസിഡണ്ടിനെതിരെ രൂക്ഷ വിമർശനവുമായി ധർമ്മടത്തെ യു.ഡി.എഫ് സ്ഥാനാർഥി

കണ്ണൂർ - നിയമ സഭാ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിൽ കെ.പി.സി.സി പ്രസിഡണ്ടിനെതിരെ രൂക്ഷ വിമർശനവുമായി ധർമ്മടത്തെ യു.ഡി.എഫ് സ്ഥാനാർഥി സി.രഘുനാഥ്.  മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം രാജിവെക്കണം. മുല്ലപ്പള്ളി സ്വമേധയാ രാജിവെച്ചില്ലെങ്കിൽ മുല്ലപ്പള്ളിയെ പാർട്ടി ഇടപെട്ട് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് കോൺഗ്രസിന് നാണക്കേടാണ്. 
മുല്ലപ്പള്ളി രാമചന്ദ്രന് പകരം കെ. പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരനെ കൊണ്ടുവരണം.


ധർമ്മടത്ത് മത്സരിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ട എല്ലാ മുൻകരുതലോടെയും പ്രവർത്തിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫ് കമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ച ആളാണ് ഞാൻ. അക്കാലത്തെ തെരഞ്ഞെടുപ്പുകളിൽ എ.കെ. ആന്റണി, കുഞ്ഞാലിക്കുട്ടി, വി.എം.സുധീരൻ തുടങ്ങിയവരെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ കൊണ്ട് വന്നിട്ടുണ്ട്. 
കെ.പി.സി.സിക്ക് ജംബോ കമ്മിറ്റി ഉണ്ടായിട്ടു പോലും മുന്നണി കൺവീനർ എം.എം. ഹസന്റെയും വി.എ. നാരായണന്റെയും സജിവ് മാറോളിയുടെയും സി.എം.പി നേതാവ് സി.പി.ജോണിന്റെയും സാന്നിധ്യം മാത്രമാണ് മണ്ഡലത്തിൽ ഒരു തവണ ഉണ്ടായതെന്നും സി.രഘുനാഥ് പറഞ്ഞു.


കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം മമ്പറം ദിവാകരൻ ഇടതുപക്ഷത്തെ സഹായിച്ചു. തെളിവുസഹിതമാണ് ഇത് പറയുന്നത്. ദിവാകരന്റെ പ്രദേശത്തെ വോട്ടുകൾ നേതൃത്വം പരിശോധിക്കണം. വൈകുന്നേരം എന്നോട് ബാങ്ക് പാസ്ബുക്കിന് ആവശ്യപ്പെടുകയും രാത്രി ചിഹ്നം അനുവദിച്ച് തരുകയും ചെയ്തിട്ട്  ടിവിയിൽ വന്നിട്ട് ധർമ്മടത്തെ സ്ഥാനാർത്ഥിയെ അറിയില്ലെന്നു പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് കോൺഗ്രസിന് അപമാനമാണ്. എട്ട് ദിവസമാണ് എനിക്ക് മണ്ഡലത്തിൽ പ്രചാരണത്തിന് കിട്ടിയത്. ഏട്ടന്റെ ആകസ്മിക മരണത്തെ തുടർന്ന് അവസാന 3 ദിവസം നഷ്ടപ്പെട്ടു. എന്നിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4000 വോട്ടിന്റെ കുറവാണ് വന്നിട്ടുള്ളത്. ഇതിന് ഉത്തരവാദി നേതൃത്വമാണ്. പ്രവർത്തകർ നല്ലതുപോലെ പ്രവർത്തിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെട്ടിയിറക്കിയ വാളയാറിലെ അമ്മക്ക് ലഭിച്ച 1700 വോട്ടുകളും കോൺഗ്രസിന്റേതാണ്.


കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജിവെക്കുമെന്നും കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഒരു പ്രവർത്തകനായി മുൻനിരയിൽ ഉണ്ടാകുമെന്നും രഘുനാഥ്  പറഞ്ഞു. എതിർ സ്ഥാനാർത്ഥി പിണറായി വിജയന് അഭിവാദ്യം അർപ്പിക്കുന്നുവെന്നും അദ്ദേഹത്തിന്റെ നേതൃപാടവം കോൺഗ്രസ് നേതൃത്വം കണ്ട് പഠിക്കണമെന്നും രഘുനാഥ് കൂട്ടിച്ചേർത്തു.


 

Latest News