Sorry, you need to enable JavaScript to visit this website.

പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ സന്നദ്ധമെന്ന് സതീശൻ പാച്ചേനി

കണ്ണൂർ - നേതൃത്വം ആവശ്യപ്പെട്ടാൽ, പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ സന്നദ്ധമാണെന്ന് ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി. പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ സമഗ്ര അഴിച്ചുപണി ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
കണ്ണൂർ മണ്ഡലത്തിൽ തെരഞ്ഞെടുപ്പിൽ തോറ്റതു കൊണ്ടല്ല, പ്രസിഡണ്ട് സ്ഥാനത്ത് അഞ്ചു വർഷം പൂർത്തിയാവുന്നതിനാലാണ് രാജി സന്നദ്ധത അറിയിക്കുന്നത്.  ഒരു നിമിഷം പോലും പ്രസിഡണ്ട് പദവിയിൽ അള്ളി പിടിച്ചിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളല്ല താൻ. ഡി.സി.സിയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഈ കാലയളവിൽ തന്നെ നടത്തണമെന്നുണ്ട്.- സതീശൻ പാച്ചേനി പറഞ്ഞു.
കണ്ണൂരിലെ പരാജയം തീർത്തും അപ്രതീക്ഷിതമാണ്. വിജയിക്കുമെന്നു തന്നെയായിരുന്നു കണക്കുകൂട്ടൽ. കഴിഞ്ഞ തവണ നേരിയ വോട്ടുകൾക്ക് സംഭവിച്ച പരാജയം തരണം ചെയ്യാനാവുമെന്ന് കരുതിയിരുന്നു. 
മാത്രമല്ല, മണ്ഡലത്തിന് വേണ്ടി ഇടതുപക്ഷം ഒന്നും ചെയ്തില്ലെന്നതും സർക്കാരിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളും അനുകൂല ഘടകങ്ങളാവുമെന്ന് കരുതിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് വരുമ്പോൾ മറ്റു ചിലഘടകങ്ങൾ കൂടി പരിഗണിക്കുന്നുവെന്ന് ബോധ്യമായി. രാഷ്ടീയമോ വികസനമോ ഒന്നുമല്ല പ്രശ്‌നമെന്ന് വ്യക്തമായി.  യു.ഡി.എഫിനകത്തെ സംഘടനാ സംവിധാനങ്ങളല്ല തോൽവിക്ക് കാരണം, മറിച്ച്, ബി.ജെ.പിയുടെ വോട്ടിലുണ്ടായ കുറവും എസ്.ഡി.പി.ഐ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചതുമാണ് കാരണം. മാത്രമല്ല, സി.പി.എം അനുഭാവികളായ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തി 650 ഓളം തപാൽ വോട്ടുകൾ അസാധുവാക്കിയിട്ടുണ്ട്. കോൺഗ്രസിലെ കാലുവാരലാണ് കാരണമെന്ന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കും- സതീശൻ പാച്ചേനി പറഞ്ഞു.
അഴീക്കോട് കെ.എം.ഷാജിയുടെ വിജയം ഉറപ്പായിരുന്നു. അവസാന രണ്ട് റൗണ്ടുകളിലാണ് മാറിമറിഞ്ഞത്. സംസ്ഥാന തലത്തിലെ തരംഗത്തിന്റെ ഭാഗമായി ഉണ്ടായ ചലനവും കാരണമാകാം.  പാർട്ടിയുടെ സംഘടനാ സംവിധാനത്തിൽ സമഗ്രമായ മാറ്റം ആവശ്യമാണ്. കണ്ണൂരിലെങ്കിലും സെമികാഡർ സംവിധാനത്തിലേക്ക് പാർട്ടി മാറണം. താഴെ തട്ടിലടക്കം ചിട്ടയായ സംഘടനാ പ്രവർത്തനങ്ങൾ ഉണ്ടായാൽ മാത്രമേ ഇനി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനാവൂ  -സതീശൻ പാച്ചേനി പറഞ്ഞു.


 

Latest News