Sorry, you need to enable JavaScript to visit this website.

കണ്ണൂർ, അഴീക്കോട് പരാജയം യു.ഡി.എഫിൽ പടലപ്പിണക്കത്തിന് കളമൊരുങ്ങുന്നു

കണ്ണൂർ - ഇടതു തരംഗത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്ന കണ്ണൂരിലെ അഴീക്കോട്, കണ്ണൂർ സീറ്റുകളുമായി ബന്ധപ്പെട്ട് യു.ഡി.എഫിൽ പടലപ്പിണക്കത്തിന് കളമൊരുങ്ങുന്നു. അഴീക്കോട് കോൺഗ്രസിന്റെ പൂർണ പിന്തുണ ലഭിച്ചിട്ടില്ലെന്ന് ലീഗ് അണികളും, കണ്ണൂരിൽ ലീഗ് പിന്നിൽനിന്ന് കുത്തിയെന്ന് കോൺഗ്രസ് അണികളും പരസ്പരം ആരോപണമുന്നയിക്കുമ്പോൾ പരസ്യ  പ്രതികരണത്തിന് നേതൃത്വം തയ്യാറായിട്ടില്ല. അതേ സമയം, ജില്ലയിൽ യു.ഡി എഫിനുണ്ടായ പരാജയത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കാൻ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി സന്നദ്ധനായിട്ടുണ്ട്. 


കണ്ണൂരിൽ യു.ഡി.എഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമായിരുന്നു അഴീക്കോട്ടെയും കണ്ണൂരിലെയും മത്സരങ്ങൾ. അഴീക്കോട് ലീഗിനെ സംബന്ധിച്ച് നിർണായകമായിരുന്നു. 
ഒരു സീറ്റ് നേടുക എന്നതിനപ്പുറം, ലീഗ് നേതാവിനെതിരെയുയർന്ന എല്ലാ ആരോപണങ്ങളുടെയും മുനയൊടിക്കാനും, സി.പി.എം ശക്തികേന്ദ്രത്തിൽ നേടുന്ന ഈ സീറ്റ് ലീഗിന് നിർണായകമായിരുന്നു. മാത്രമല്ല, വർഷങ്ങൾക്കു ശേഷം ലഭിച്ച സീറ്റ് നിലനിർത്തുകയെന്നതും പ്രധാനമായിരുന്നു. ഷാജി, നേരിയ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്നായിരുന്നു നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ ജില്ലയിൽ ഉടനീളം അറിയപ്പെടുന്ന, ക്ലീൻ ഇമേജുള്ള യുവനേതാവിനെ രംഗത്തിറക്കി ചിട്ടയോടെയുള്ള പ്രവർത്തനങ്ങളിലൂടെ സി.പി.എം, ലീഗിന്റെ സ്വപ്‌നങ്ങൾ തച്ചുടച്ചു. പി.ജയരാജനാണ് പാർട്ടി, അഴീക്കോട്ടെ തെരഞ്ഞെടുപ്പ് ചുമതല നൽകിയിരുന്നത്.


അഥവാ അഴീക്കോട് കൈവിട്ടാലും ചോദിച്ചു വാങ്ങിയ കൂത്തുപറമ്പ് സീറ്റിൽ വിജയിക്കാനാവുമെന്ന ആശ്വാസത്തിലായിരുന്നു ലീഗ് നേതൃത്വം. എന്നാൽ കെ.പി മോഹനനെ രംഗത്തിറക്കി, പ്രവാസി വ്യവസായിയായ പൊട്ടങ്കണ്ടി അബ്ദുല്ലയെ സി.പി.എം പൂട്ടി. 
ശക്തമായ മത്സരത്തിൽ പത്തായിരത്തിനടുത്ത് വോട്ടുകൾക്കാണ് പൊട്ടങ്കണ്ടിയെ പരാജയപ്പെടുത്തിയത്. കെ.എം.ഷാജി, ആദ്യം അഴിക്കോട് മത്സരിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയതും, മുൻ വർഷങ്ങളെപ്പോലെ പ്രചാരണ സംവിധാനങ്ങൾ ഇല്ലാത്തതും, അനധികൃത സ്വത്തു സമ്പാദന കേസ് ഉൾപ്പെടെയുണ്ടായതുമാണ് പരാജയത്തിന് വഴിവെച്ചത്. വർഷങ്ങളായി വളപട്ടണം പഞ്ചായത്തിലടക്കം നിലനിൽക്കുന്ന കോൺഗ്രസ്- ലീഗ് ഭിന്നതയും ഷാജിയുടെ പരാജയത്തിന് ആക്കം കൂട്ടിയെന്നാണ് അണികൾ വിശ്വസിക്കുന്നത്.


'കണ്ണൂരിൽ കോൺഗ്രസ് നേരിട്ടതും സമാനമായ സാഹചര്യമായിരുന്നു. കണ്ണൂർ മണ്ഡലത്തിൽ രണ്ടാമതു മത്സര രംഗത്തിറങ്ങിയ സതീശൻ പാച്ചേനി വിജയം ഉറപ്പിച്ചതായിരുന്നു. എന്നാൽ 2016ലെ തെരഞ്ഞെടുപ്പിലെ തനിയാവർത്തനമായി തെരഞ്ഞെടുപ്പു ഫലം. രാമചന്ദ്രൻ കടന്നപ്പള്ളിയോട് 2016ൽ 1196 വോട്ടിന് പരാജയപ്പെട്ട സതീശൻ പാച്ചേനി, ഇത്തവണ 1716 വോട്ടുകൾക്കാണ് തോൽവി ഏറ്റുവാങ്ങിയത്. പ്രചാരണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മേൽക്കൈ നേടിയ സതീശൻ, ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തെപ്പോലെ മത ന്യൂനപക്ഷ വോട്ടുകൾ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് തന്നെ ലഭിച്ചു. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽ പോലും കടന്നപ്പള്ളിക്കായിരുന്നു ലീഡ്. കെ. സുധാകരൻ 20,000 ത്തോളം വോട്ടുകൾക്കും എ.പി. അബ്ദുല്ലക്കുട്ടി 12,000 ലധികം വോട്ടുകൾക്കും വിജയിച്ച മണ്ഡലമാണ് കണ്ണൂർ. ഇരു മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പു പരാജയങ്ങളിൽ പ്രാദേശിക നേതൃത്വങ്ങളും അണികളും പരസ്പരം പഴിചാരാൻ തുടങ്ങിയെങ്കിലും നേതൃത്വം ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. പരാജയത്തെക്കുറിച്ച് പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ് ഇവരുടെ നിലപാട്.

 

Latest News