സിബിഐ അപ്പീല്‍ പോകാനിടയില്ല; ഒപ്പംനിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് കനിമൊഴി 

ന്യൂദല്‍ഹി- ഒപ്പം നിലകൊണ്ട എല്ലാവര്‍ക്കും ഒരായിരം നന്ദി- ടുജി അഴിമതിക്കേസില്‍ വെറുതെ വിട്ട ഡിഎംകെ നേതാവും രാജ്യസഭാംഗവുമായ കനിമൊഴി പ്രതികരിച്ചു. ധാരാളം അണികളോടൊപ്പമാണ് കനിമൊഴി വിധി കേള്‍ക്കാന്‍ പട്യാല ഹൗസ് കോടതിയിലെത്തിയത്. ഭര്‍ത്താവ് ജി.അരവിന്ദന്‍, അര്‍ധസഹോദരന്‍ അളഗിരി, മാതാവ് രാജാത്തി അമ്മാള്‍ എന്നിവരും നിരവധി ഡിഎംകെ നേതാക്കളും അവരോടൊപ്പം ഉണ്ടായിരുന്നു. 
വിധി വന്ന ശേഷം കോടതി മുറിക്ക് പുറത്ത് വന്‍ ആഹ്ലാദ പ്രകടനമാണ് ഡിഎംകെ പ്രവര്‍ത്തകര്‍ നടത്തിയത്. 
സംശയതീതമായി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ഒ.പി. സെയ്‌നിയുടെ പരാമര്‍ശം. 
മുന്‍ ടെലിക്കോം മന്ത്രി എ. രാജ, ഡിഎംകെ എം.പി കനിമൊഴി, മുന്‍ ടെലിക്കോം സെക്രട്ടറി സിദ്ദാര്‍ഥ് ബെഹുറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചനോഡില, സ്വാന്‍ ടെലിക്കോം പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്്മാന്‍ , വിനോദ് ഗോയങ്ക, യൂനിടെക് എം.ഡി സഞ്ജയ് ചന്ദ്ര, റിലയന്‍സ് അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പിന്റെ മൂന്ന് ഉന്നത എക്‌സിക്യുട്ടീവുകളായ ഗൗതം, ദോഷി, സുരേന്ദ്ര പിപാറ, ഹരി നായര്‍, കുസിഗോണ്‍ ഫ്രൂട്ട്‌സ് ആന്റ് വെജിറ്റബിള്‍സ് ഡയരക്ടര്‍മാരായ രാജീവ് അഗര്‍വാള്‍, ആസിഫ് ബല്‍വ, കലൈനഗര്‍ ടിവി ഡയരക്ടര്‍ ശരദ് കുമാര്‍, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി എന്നിവര്‍ കോടതി വെറുതെ വിട്ടവരില്‍ ഉള്‍പ്പെടുന്നു. 
ഇന്ത്യയിലെ ഉന്നത അന്വേഷണ ഏജന്‍സികളായ സി.ബി.ഐക്കും എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റിനും കനത്ത തിരിച്ചടിയാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ വിധി. സിബിഐ അപ്പീല്‍ പോകില്ലെന്നാണ് ലഭ്യമായ സൂചന. എന്നാല്‍ സിബഐയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. 

Latest News