Sorry, you need to enable JavaScript to visit this website.
Sunday , May   09, 2021
Sunday , May   09, 2021

വിജയരഥമേറി, ക്യാപ്റ്റൻ


ഒറ്റ വാക്കിൽ പറഞ്ഞാൽ പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ ചങ്കൂറ്റമാണ് വൻ ഭൂരിപക്ഷം നേടി പുതിയ ചരിത്രം രചിച്ചുകൊണ്ട് ഇടതുമുന്നണി വീണ്ടും ഭരണത്തിലെത്താനുള്ള സാഹചര്യം കേരളത്തിൽ സൃഷ്ടിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിൽ ഏത് പ്രതിസന്ധികൾ വന്നാലും അതിനെ പ്രതിരോധിക്കാനായി വിട്ടുവീഴ്ചയില്ലാതെ ഏതറ്റം വരെ പോകാൻ പിണറായി വിജയൻ കാണിച്ച തന്റേടം മാത്രമാണ് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഇടതുമുന്നണിക്ക് കൈമുതലായുണ്ടായിരുന്നത്. അതിനെ ധാർഷ്ട്യമായും താൻപോരിമയായുമെല്ലാം രാഷ്ട്രീയ എതിരാളികളും ഒരു വിഭാഗം മാധ്യമങ്ങളും വിശേഷിപ്പിച്ചപ്പോളെല്ലാം തരിമ്പുപോലും പിന്നോട്ടില്ലാതെ കരുത്തോടെ മുന്നോട്ട് നീങ്ങിയതിനുള്ള പ്രതിഫലമായി കേരളത്തിലെ ജനത നൽകിയ വലിയ സമ്മാനമായി തന്നെ തെരഞ്ഞെടുപ്പ് വിജയത്തെ കാണേണ്ടതുണ്ട്. അഞ്ചു വർഷം മുൻപ് കേരളത്തിന്റെ ഭരണം ഏറ്റെടുക്കുമ്പോൾ പിണറായി വിജയന് മാധ്യമങ്ങൾ നൽകിയ വിശേഷണം ഒരു തന്നിഷ്ടക്കാരനായ ഒരു മുഖ്യമന്ത്രിയെന്നായിരുന്നു. കേരളത്തിൽ ഏറ്റവുമധികം മാധ്യമ വിചാരണ നേരിടേണ്ടി വന്ന രാഷ്ട്രീയ നേതാവാണ് അദ്ദേഹം. പിന്നീട് പതുക്കെ പതുക്കെ ജനഹൃദയങ്ങൾ കീഴടക്കാൻ മുഖ്യമന്ത്രിയെ പ്രാപത്‌നാക്കിയതും വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാടുകളായിരുന്നു.


നാട് പ്രതിസന്ധികളിലൂടെ നീങ്ങുമ്പോഴാണ് ഒരു ഭരണാധികാരിക്ക് ഏറ്റവും അധികം ശോഭിക്കാൻ കഴിയുകയെന്ന തത്വം ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ നേതാവാണ് പിണറായി. പ്രതിസന്ധി ഘട്ടങ്ങളെ മികച്ച ഒരു ഭരണാധികാരി എങ്ങനെയാണ് നേരിടേണ്ടതെന്നത് കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ അദ്ദേഹം കാണിച്ചുകൊടുത്തു. പിണറായിസം എന്നൊക്കെപ്പറഞ്ഞ് രാഷ്ട്രീയ വിരോധികളിൽ പലരും അദ്ദേഹത്തെ പരിഹസിച്ചെങ്കിലും ഒടുവിൽ അതാണ് ശരിയെന്ന് അവരെക്കൊണ്ട് പോലും പറയിക്കാൻ കഴിഞ്ഞുവെന്നതാണ് പിണറായിയുടെ കഴിവ്.
ഒരു അർത്ഥത്തിൽ പറഞ്ഞാൽ കഴിഞ്ഞ അഞ്ചു വർഷം കേരളം നേരിട്ട പ്രതിസന്ധികളാണ്  പിണറായി വിജയനെ കരുത്തനായ ഒരു ഭരണാധികാരിയാക്കി മാറ്റിയതും തുടർ ഭരണത്തിലേക്ക് കേരള രാഷ്ട്രീയത്തെ നയിച്ചതും. നിപയും പ്രളയവും ഏറ്റവും ഒടുവിൽ കോവിഡുമൊക്കെ പിണറായി വിജയനിൽ ഒരു കരുത്തുറ്റ ഭരണതന്ത്രഞ്ജനെ വാർത്തെടുക്കുകയായിരുന്നു. ഭരണത്തലവൻ എന്ന നിലയിൽ പ്രതിസന്ധികളിൽ ഓരോന്നിനെയും അദ്ദേഹം നേരിട്ട രീതിയും അതിൽ നിന്ന് ജനങ്ങളെ അതിജീവനത്തിന്റെ പാതയിലേക്ക് കൈപിടിച്ച് കൊണ്ടുപോയതും തന്നെയാണ് ഒടുവിൽ വോട്ടിംഗ് മെഷീനിൽ ഇടതുപക്ഷത്തിനുള്ള കൂറ്റൻ വിജയമായി പരിണമിച്ചത്. ക്ഷേമ പെൻഷനുകളുടെ കൃത്യമായ വിതരണവും ഭക്ഷ്യ കിറ്റും സൗജന്യ റേഷനുമെല്ലാം അതിജീവനത്തിനുള്ള ഉപാധിയായി അവതരിപ്പിച്ചപ്പോൾ ഇതുവരെ ഒരു ഭരണാധികാരിയും നൽകാത്ത സ്‌നേഹവും കരുതലും ജനങ്ങൾ അതിൽ കണ്ടു. ശബരിമല വിഷയവും സർക്കാരിനെതിരെ ഉയർന്ന വിവിധ ആരോപണങ്ങളുമെല്ലാം ഈ കരുതലിന് മുന്നിൽ നിസ്സാരമായി മാത്രമാണ് ജനങ്ങൾ കണക്കാക്കിയത്. 


കോവിഡ് കേരളത്തെ വരിഞ്ഞു മുറുക്കിയപ്പോൾ ഇടതു ഭരണത്തിൽ കേരളത്തിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങൾ പോലും പട്ടിണി കിടക്കില്ലെന്ന് ചങ്കൂറ്റത്തോടെ വിളിച്ച് പറയുകയും അതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തപ്പോൾ രാഷ്ട്രീയമായി എതിർ ചേരിയിലുള്ളവർ പോലും അതിനെ ഒരു ഭരണാധികാരിയുടെ മിടുക്കായി തന്നെയാണ് കണ്ടത്. കോവിഡ് കാലത്ത് കേരളത്തിലെ നല്ലൊരു ശതമാനം വീടുകളിലെയും അടുപ്പുകളിൽ തീ പുകഞ്ഞത്  80 ലക്ഷം കുടുംബങ്ങൾക്കായി നൽകിയ ഭക്ഷ്യ കിറ്റിലൂടെയാണ്. അതിനുള്ള നന്ദി കേരളത്തിലെ വീട്ടമ്മമാർ ബാലറ്റിലൂടെ പ്രകടിപ്പിച്ചതാണ് ഒരു കൂറ്റൻ വിജയത്തോടെയുള്ള തുടർ ഭരണം ഇടതു മുന്നണിക്ക് സാധ്യമാക്കിയതിന്റെ ഒന്നാമത്തെ കാരണം. 50 ശതമാനത്തിലേറെ വീട്ടമ്മമാരുടെ പിന്തുണ ഇത്തവണ ഇടതുമുന്നണിക്കാണെന്ന് വിവിധ തെരഞ്ഞെടുപ്പ് സർവേകളിൽ തെളിഞ്ഞിരുന്നു. ക്ഷേമ പെൻഷനുകൾ വർധിപ്പിച്ചതും അത് കൃത്യമായി വീടുകളിലോ അല്ലെങ്കിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലോ എത്തിച്ചതും വോട്ടുവാരാനുള്ള മറ്റൊരു ഘടകമായി മാറി. 
ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള, പ്രത്യേകിച്ച് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ പൗരത്വത്തിന്റെ വാളോങ്ങുമ്പോൾ കേരളത്തിൽ നടപ്പാക്കില്ലെന്ന് കൂടുതൽ ഉച്ചത്തിൽ പറഞ്ഞത് പിണറായി വിജയനാണ്. അതിന്റെ നന്ദി മുസ്‌ലിം വിഭാഗം തെരഞ്ഞെടുപ്പിൽ കാണിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.


ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണോ വേണ്ടയോ എന്നല്ല കോവിഡിനെ എങ്ങനെ അതിജീവിക്കുമെന്നതും  അതിനായി സർക്കാർ എടുത്ത നടപടികളുമാണ് ചർച്ച ചെയ്യേണ്ടതെന്ന് ജനങ്ങൾ തീരുമാനിച്ചപ്പോൾ എൻ.എസ്.എസ് നേതാവ് സുകുമാരൻ നായരുടെയും ബി.ജെ.പിയുടെയും കോൺഗ്രസിന്റെയുമെല്ലാം ഇത് സംബന്ധിച്ച തെരഞ്ഞെടുപ്പ് അജണ്ടകൾ പാഴായിപ്പോയി. സവർണ ഹിന്ദുക്കളുടെയും ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗങ്ങളുടെയുമെല്ലാം വോട്ടുകൾ ബഹുഭാഗവും ഇടതു സ്ഥാനാർത്ഥികളുടെ പെട്ടിയിൽ തന്നെ നിക്ഷേപിക്കപ്പെട്ടു. സാമുദായികമായി വോട്ട് ചോർത്താൻ ശ്രമിച്ചവർക്കെല്ലാം തന്നെ സർക്കാർ ക്ഷേമ പദ്ധതികളിലൂടെ നടത്തിയ വിപ്ലവത്തെ ചെറുക്കാനായില്ല. കിഫ്ബിയും ലൈഫ് മിഷനുമെല്ലാം പിണറായിയുടെ ആഗ്രഹത്തിനനുസരിച്ച് മുന്നോട്ട് നീങ്ങിയപ്പോൾ അതിനെയും ജനം സ്വീകരിച്ചു. കേരളത്തിൽ കോവിഡ് പ്രതിരോധം ലോകത്തിന് തന്നെ മാതൃകയായപ്പോൾ പിണറായിയുടെ ഗ്രാഫ് കുത്തനെ ഉയരുകയായിരുന്നു.
ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം പിണറായി സർക്കാരിനെതിരെയുള്ള ഏറ്റവും വലിയ തുറുപ്പ് ചീട്ട് സർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളെ കേന്ദ്ര സർക്കാരിന്റെ സ്വാധീനത്തിൽ എൻഫോഴ്‌സ്‌മെന്റിനെക്കൊണ്ടും കസ്റ്റംസിനെക്കൊണ്ടും അന്വേഷിപ്പിച്ച് സമ്മർദം ചെലുത്തുകയെന്നതായിരുന്നു. പിണറായി വിജയനല്ല സംസ്ഥാന മുഖ്യന്ത്രിയെങ്കിൽ സംസ്ഥാന സർക്കാരിന് കേന്ദ്രത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നേനേ. എന്നാൽ പതറാതെ ഇതിനെ നേരിടാനും കേന്ദ്ര നീക്കത്തെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടാനും പിണറായിക്ക് സാധിച്ചു. ഏറ്റുമുട്ടാൻ തയയ്യാറാണെന്ന സൂചന അദ്ദേഹം നൽകിയതോടെ ഒരു വേള കേന്ദ്ര ഏജൻസികൾക്ക് പോലും മുട്ടുവിറച്ചു. 


തെരഞ്ഞെടുപ്പിലേക്കടുത്തപ്പോൾ നിരവധി വെല്ലുവിളികൾ നേരിട്ട അഞ്ചു വർഷം ഭരിച്ച് മടുത്ത ഒരു മുഖ്യമന്ത്രിയെയല്ല കേരളം കണ്ടത്. മറിച്ച് അടുത്ത ഭരണവും എന്റേതു തന്നെയാണെന്ന് ഉറപ്പിച്ചുകൊണ്ട് ഇടതുപക്ഷത്തിന്റെ ക്യാപ്റ്റനായി മാറിയ പിണറായിയെയാണ്. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി മാറിയ അദ്ദേഹം പാർട്ടിക്കും മുന്നണിക്കും നൽകിയ ആവേശം ചെറുതൊന്നുമായിരുന്നില്ല. ഉറപ്പാണ് എൽ.ഡി.എഫ് എന്ന് പറയാൻ കാട്ടിയ അദ്ദേഹത്തിന്റെ തന്റേടത്തിനാണ്  ജനം വോട്ട് നൽകിയത്.
എതിരാളികളെ പൂർണമായും കടപുഴക്കിയുള്ള തെരഞ്ഞെടുപ്പ് ജയത്തോടെ കേരളത്തിൽ മാത്രമല്ല അഖിലേന്ത്യാ തലത്തിൽ പോലും സി.പി.എമ്മിന്റെ അവസാന വാക്കായി പിണറായി വിജയൻ മാറുകയാണ്. പാർട്ടിയിൽ പകരം വെക്കാനില്ലാത്ത നേതാവായി അദ്ദേഹം മാറിക്കഴിഞ്ഞു. പാർട്ടിയിലും ഭരണത്തിലും ഇനി പിണറായി യുഗമാണ്. ആർക്കും തടയാൻ കഴിയുന്നതിനപ്പുറത്തേക്ക് ഈ ഒറ്റ തെരഞ്ഞെടുപ്പിലൂടെ പിണറായി മാറിക്കഴിഞ്ഞു.

Latest News