ഭോപാല്‍- ഹരിദ്വാറില്‍ നടന്ന കുംഭമേളയില്‍ പങ്കെടുത്ത് മധ്യപ്രദേശിലേക്ക് മടങ്ങിയെത്തിയ ആളുകളില്‍ 99 ശതമാനം പേരിലും കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വ്യാപനം ശക്തിപ്രാപിച്ച ഘട്ടത്തില്‍ നടന്ന മേള സൂപ്പര്‍ സ്പ്രെഡര്‍ ആകുമോ എന്ന ആശങ്കയായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നത്. ഈ ആശങ്ക ശരിവക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
മധ്യപ്രദേശില്‍ നിന്ന് മേളയില്‍ പങ്കെടുത്ത 61 പേരില്‍ 60 പേരും കോവിഡ് പോസിറ്റീവായി. മേളയില്‍ പങ്കെടുത്ത പലരെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇവരില്‍ കോവിഡ് ബാധിതരുണ്ടെങ്കില്‍ രോഗം പിന്നെയും പരക്കുമോ എന്ന ഭീതിയുണ്ട്. മുഴുവന്‍ ആളുകളെയും കണ്ടെത്തിയാലെ ആകെ എണ്ണം കണക്കാക്കാന്‍ കഴിയൂ. ടൈംസ് നൗ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
കുംഭമേളയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ രോഗ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് കോവിഡ് പരിശോധനയും ക്വാറന്റൈനും നിര്‍ബന്ധമാണ്. ദല്‍ഹിയില്‍ 14 ദിവസത്തെ ക്വാറന്റൈനാണ്. ഗുജറാത്ത് ആകട്ടെ മേളയില്‍ പങ്കെടുത്ത് വന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. 102 പേരാണ് കഴിഞ്ഞ 24 മണിക്കൂറില്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ 12,379ഉം.






