Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ

തിരുവനന്തപുരം-കേരളത്തില്‍ വമ്പിച്ച ഭൂരിപക്ഷം നേടി വീണ്ടും എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ ആരോഗ്യമന്ത്രി കെ.കെ ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ ആവശ്യം. പിണറായി വിജയനെന്ന മുഖ്യമന്ത്രിയെക്കാള്‍ ആരോഗ്യമന്ത്രിയെന്ന നിലയില്‍ കെ.കെ ശൈലജ കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച നേടിക്കൊടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ടെന്നാണ് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്.
മട്ടന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷവുമായാണ് കെ.കെ ശൈലജ വിജയിച്ചത്. 61,035 വോട്ടുകള്‍ക്ക് മേലെ ഭൂരിപക്ഷമാണ് ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി നേടിയിരിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. ഇക്കാര്യവും ശൈലജയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭൂരിപക്ഷത്തില്‍ പിണറായി ശൈലജയ്ക്കു പിന്നിലാണ്.
കേരളത്തെ നയിക്കാന്‍ ഇനിയെങ്കിലും സ്ത്രീകള്‍ക്ക് അവസരം നല്‍കണമെന്നും പുരുഷന്മാരേ മുഖ്യമന്ത്രിയാകാന്‍ പാടുള്ളൂവെന്ന ബോധങ്ങളില്‍ നിന്നും മാറണമെന്നും ഇവര്‍ പറയുന്നു.
ചില ശീലങ്ങള്‍ മാറ്റാന്‍ കൂടിയുള്ളതാണ്. ചരിത്ര വിജയം കൈവരിച്ച എല്‍.ഡി.എഫിനോട്, ഇനിയെങ്കിലും കേരളത്തെ നയിക്കാന്‍ സ്ത്രീകള്‍ക്ക് ഒരവസരം നല്‍കൂ. ഭരണമികവു തെളിയിച്ച സ്ത്രീകള്‍ നിങ്ങളുടെ കൂട്ടത്തില്‍ തന്നെയുണ്ടല്ലോ. ഓരോ മണ്ഡലത്തിലും കെ.കെ ശൈലജയുടെ ഭരണമികവിന് മാത്രം മിനിമം ആയിരം വോട്ടെങ്കിലും എല്‍.ഡി.എഫിന് കിട്ടിയിട്ടുണ്ടാകും. അത് പരിഗണിച്ച് അവരുടെ കയ്യിലൊന്നു കേരള ഭരണം ഏല്‍പ്പിച്ചുനോക്കൂ. അതിശയകരമാം വിധം അവരീ സംസ്ഥാനം ഭരിക്കുന്നത് നിങ്ങള്‍ക്കു കാണാം. ഈ ചരിത്രവിജയത്തോട് ചെയ്ത നീതിയെന്ന് തലമുറകള്‍ നിങ്ങളുടെ പാര്‍ട്ടിയെ ഓര്‍മ്മിക്കും,' ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില്‍ ഏറ്റവും മികച്ച തീരുമാനങ്ങളെടുക്കാനും നേതൃത്വം നല്‍കാനും നല്ലൊരു ടീം അംഗമായി പ്രവര്‍ത്തിക്കാനുമുള്ള കെ.കെ ശൈലജയുടെ കഴിവ് പല തവണ കേരളം കണ്ടുകഴിഞ്ഞു. ഇതിനേക്കാള്‍ കൂടുതല്‍ എന്താണ് ഒരു മുഖ്യമന്ത്രിയില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മറ്റൊരു പോസ്റ്റില്‍ ചോദിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.ആര്‍ ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രിയാകാന്‍ അവസരം നല്‍കാതിരുന്നതു പോലെ ഇപ്പോഴും പ്രവര്‍ത്തിക്കരുതെന്നാണ് ഇടതുപക്ഷത്തിനോട് പറയാനുള്ളതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
നിരവധി പേരാണ് കെ.കെ ശൈലജയുടെ ചിത്രവുമായി 'ശൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കുക' എന്ന വാചകത്തോടെ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നതു. മന്ത്രിയുടെ ഓരോ ഭരണനേട്ടങ്ങളും എടുത്തുപറഞ്ഞുകൊണ്ടാണ് പലരുടെയും പോസ്റ്റുകളെത്തുന്നത്. 
നിലവില്‍ വന്നതില്‍ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് കെ. കെ ശൈലജയ്ക്ക് ലഭിച്ചിരിക്കുന്നത്. 61035 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
 

Latest News