ന്യൂദല്‍ഹി- ബിഹാറിലെ ഗോപാല്‍ഗഞ്ചില്‍ പഞ്ചസാര മില്ലില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചു അഞ്ച് പേര്‍ മരിക്കുകയും എട്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പട്‌നയില്‍നിന്ന് 170 കിലോമീറ്റര്‍ അകലെ ഗോപാല്‍ഗഞ്ചിലെ സസ്മുസ പഞ്ചസാര ഫാക്ടറിയിലാണ് അപകടമുണ്ടായത്. ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബോയിലറിനു സമീപം ജോലിചെയ്തിരുന്ന മൂന്നുപേരുടെ മൃതദേഹങ്ങള്‍ ചിതറിത്തെറിച്ചു. ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം.
സ്‌ഫോടന സമയത്ത് ഫാക്ടറിയില്‍ നൂറോളം പേര്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ മൂന്ന് പേര്‍ ഉത്തര്‍പ്രദേശുകാരണ്. കുചായത്ത് കോട്ടില്‍നിന്നുള്ള അര്‍ജുന്‍ കുഷ്വഹ, ബാനി ഖജുരിയിലെ കൃപ യാദവ്, പാദ്രുണയിലെ മുഹമ്മദ് ഷംസുദ്ദീന്‍ എന്നിവരെയാണു തിരിച്ചറിഞ്ഞത്.
പരിക്കേറ്റവരെ ഗോപാല്‍ഗഞ്ചിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ കൂടുമെന്ന് ഭയപ്പെടുന്നു. മൂന്നുപേരെ വിദഗ്ധ ചികിത്സക്കായി പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റി.
ബോയിലര്‍ അമിതമായി ചൂടായതാണു സ്‌ഫോടനത്തിനു കാരണമെന്നു കരുതുന്നു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.