ഉസാമ ബിന്‍ലാദിനെ എന്തുകൊണ്ട് കടലില്‍ സംസ്‌കരിച്ചു; ഇപ്പോഴും ലോകത്തിന്റെ സംശയം

വാഷിംഗ്ടണ്‍- പാക്കിസ്ഥാനില്‍ യു.എസ് കമാന്‍ഡോകള്‍ അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലൂടെ അല്‍ഖാഇദ നേതാവായിരുന്ന ഉസാമ ബിന്‍ ലാദിനെ   വകവരുത്തിയിട്ട് പത്ത് വര്‍ഷം പിന്നിടുന്നു.
2011 മെയ് രണ്ടിനാണ് യുഎസ് സൈന്യം ഉസാമ ഒളിച്ചിരുന്ന അബോട്ടാബാദിലെ കോമ്പൗണ്ടില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ എന്തുകൊണ്ടാണ് യു.എസ് ഉദ്യോഗസ്ഥര്‍ മൃതദേഹം കടലില്‍ സംസ്‌കരിച്ചതെന്ന് ലോകം ഇപ്പോഴും ചോദിക്കുന്നു.
അല്‍ഖാഇദ മേധാവിയെ എങ്ങനെ അടക്കം ചെയ്യണമെന്ന് തീരുമാനിക്കുമ്പോള്‍ അമേരിക്ക രാഷ്ട്രീയ, മത, പ്രായോഗിക ഘടകങ്ങളെല്ലാം കണക്കിലെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കരയില്‍ സംസ്‌കരിച്ചാല്‍ അനുയായികള്‍ പ്രചോദന, പ്രാര്‍ഥനാ കേന്ദ്രമാക്കി മാറ്റുമോ എന്നതായിരുന്നു പ്രധാന ആശങ്ക. ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമ വെളിപ്പെടുത്തിയതാണ്.
അമേരിക്ക മോസ്റ്റ് വാണ്ടഡ് ആയി പ്രഖ്യാപിച്ചയാളെ  എന്തിനാണ് കരയില്‍ ഖബറടക്കാതെ കടലില്‍ കുഴിച്ചിട്ടതെന്ന ചോദ്യത്തിന് യു.എസ് ഗവണ്‍മെന്റിന്റെ വിശദീകരണങ്ങള്‍ പരസ്പരവിരുദ്ധമായിരുന്നു. അനുയായികള്‍ ആരാധനാലയമാക്കി മാറ്റുന്നത് ഒഴിവാക്കേണ്ടിയിരുന്നുവെന്നാണ് ഒരു വിഭാഗം ഉദ്യോഗഗസ്ഥര്‍ അക്കാലത്ത് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.  
ഉസാമ ബിന്‍ ലാദിന്‍  ജനിച്ച സൗദി അറേബ്യ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്നാണ് മറ്റൊരു വിഭാഗം ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്. മഖ്ബറകളും മഖാമുകളും ഉപഭൂഖണ്ഡത്തിലെ പ്രധാന മത ചിഹ്നങ്ങളായതിനാല്‍  ഉസാമയെ വധിച്ച വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ഖബര്‍സ്ഥാന്‍ ആദ്യമേ തന്നെ ഒഴിവാക്കിയിരുന്നു.  
ഖബറിടം അനുയായികള്‍ പ്രതീകമാക്കുന്നത് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കടലില്‍ കുഴിച്ചിടുകയെന്ന തീരുമാനത്തിലെത്തിയത്.  
യു.എസ് ഉന്നത ഉദ്യോഗസ്ഥര്‍ കൂടിയാലോചനകള്‍ നടത്തിയ ശേഷം അല്‍ഖാഇദ നേതാവിനെ മതാചാരങ്ങള്‍ പാലിച്ചുകൊണ്ടാണ് സംസ്‌കരിച്ചതെന്നും അധികൃതര്‍ അവകാശപ്പെട്ടിരുന്നു. മൃതദേഹം കുളിപ്പിച്ച ശേഷം വെളുത്ത തുണിയില്‍ പൊതിഞ്ഞിരുന്നുവെന്നും മയ്യിത്ത് നമസ്‌കാരം നടത്തിയിരുന്നുവെന്നും  മരണശേഷം 24 മണിക്കൂറിനുള്ളില്‍ സംസ്‌കരിച്ചുവെന്നും യു.എസ് അധികൃതര്‍ പറഞ്ഞിരുന്നു.
പത്ത് വര്‍ഷം പിന്നിടുമ്പോള്‍ അമേരിക്കക്കെതിരെ അല്‍ ഖാഇദ പുതിയ വെല്ലുവളി നടത്തിയിട്ടുണ്ട്. ഇസ്ലാമിക ലോകം വിട്ടുപോകുന്നില്ലെങ്കില്‍ എല്ലാ അര്‍ഥത്തിലുമുള്ള യുദ്ധം ആരംഭിക്കുമെന്നാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

ബി.ജെ.പിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തതില്‍ നിര്‍ണായകമായത് ന്യൂനപക്ഷ വോട്ട്

പരാജയ കാരണം പാർട്ടി കണ്ടെത്തണം, പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇനി മത്സരിക്കില്ല- പത്മജ വേണുഗോപാല്‍

 

Latest News