ഗുജറാത്ത് വിജയം എളുപ്പമായിരുന്നില്ലെന്ന്  തുറന്നു സമ്മതിച്ച് മോഡി 

ന്യുദല്‍ഹി- ഗുജറാത്തിലെ തെരഞ്ഞെടുപ്പു വിജയം എളുപ്പമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്നു സമ്മതിച്ചു. ബിജെപി എംപിമാരുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോഡി ഇങ്ങനെ പറഞ്ഞത്. ബിജെപിയുടെ ഗുജറാത്തിലെ വിജയം എളുപ്പമുള്ള ഒരു ജോലിയായിരുന്നുവെന്ന അബദ്ധധാരണ ആര്‍ക്കും വേണ്ടെന്നായിരുന്നു മോഡിയുടെ പ്രതികരണം. 

ഗുജറാത്തിലേയും ഹിമാചല്‍ പ്രദേശിലേയും തെരഞ്ഞെടുപ്പു വിജയങ്ങള്‍ക്ക് അഭിനന്ദം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു  പ്രധാനമന്ത്രി. ഹിമാചലില്‍ ബിജെപി തൂത്തു വാരിയപ്പോള്‍ ശക്തമായ മത്സരം നടന്ന ഗുജറാത്തിലെ 182 സീറ്റില്‍ ബിജെപിക്ക് 16 സീറ്റ് നഷ്ടപ്പെട്ട് 99 സീറ്റാണ് ലഭിച്ചത്. 

ഗുജറാത്തിലേത് എളുപ്പമുള്ള ഒരു നേട്ടമായിരുന്നില്ലെന്നാണ് പ്രധാനമന്ത്രി പാര്‍ട്ടി എംപിമാരെ ഓര്‍മിപ്പിച്ചത്. ഏറെ കഠിനാധ്വാനം ചെയ്താണ് വിജയിക്കാനായത്. ഇത് എളുപ്പമായിരുന്നെന്ന ധാരണ ആര്‍ക്കും വേണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്- യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം, ഗുജറാത്തിലെ ബിജെപിയുടെ നഷ്ടത്തില്‍ വലിയ ആശങ്കയില്ലെന്നും ഏതാണ്ട് പകുതിയോളം ജനസംഖ്യയുടെ വിശ്വാസം പാര്‍ട്ടിക്ക് ആര്‍ജിക്കാനായിട്ടുണ്ടെന്നും ബിജെപിയുടെ വോട്ടു ശതമാനത്തിലെ വളര്‍ച്ച ചൂണ്ടിക്കാട്ടി മോഡി പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ മോഡി വളരെ വൈകാരികമായാണ് സംസാരിച്ചത്. പാര്‍ട്ടിക്കുള്ളിലും പുറത്തും യുവാക്കളെ പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

Latest News