Sorry, you need to enable JavaScript to visit this website.

ഓൺലൈനിൽ പടക്കംപൊട്ടിച്ചും ട്രോളിയും ഇടത് ആഘോഷം

പി.സി. ജോർജിന്റെ പരാജയം ആഘോഷിക്കുന്ന വിവിധ പാർട്ടിയുടെ പ്രവർത്തകർ

മലപ്പുറം- തെരഞ്ഞെടുപ്പിലെ വൻവിജയം ഓൺലൈനിൽ ആഘോഷിച്ച് ഇടതുപ്രവർത്തകർ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഹ്ലാദപ്രകടനങ്ങൾ വിലക്കിയതോടെ ആഘോഷം ഫേസ്ബുക്കിലേക്കും വാട്‌സ്ആപ്പിലേക്കും മാറി. തോറ്റസ്ഥാനാർഥികളെ കളിയാക്കാൻ ട്രോളുകൾ ഇറക്കിയും വിജയിച്ച സ്ഥാനാർഥികളെ പ്രകീർത്തിക്കുന്ന പാട്ടുകൾ ഇറക്കിയുമാണ് ഇടതുപ്രവർത്തകർ ഓൺലൈൻ ആഘോഷം നടത്തുന്നത്. കളിയാക്കുന്ന ട്രോളുകൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ സോഷ്യൽമീഡിയയിൽ നിശബ്ദരായി ഇരിക്കുകയാണ് യു.ഡി.എഫ് പ്രവർത്തകർ ഏറെയും.തോൽവി അംഗീകരിക്കുന്നുവെന്ന് മാന്യമായ മെസേജ് ഇട്ട് പലരും പിൻവലിഞ്ഞിരിക്കുകയാണ്.


വോട്ടെണ്ണലിന് ശേഷം പൊട്ടിക്കാനായി പടക്കം വാങ്ങിവെച്ചവരാണ് പലരും. വിഷുവിന് വാങ്ങിയ പടക്കം ഇതിനായി മാറ്റിവെച്ചവരുമുണ്ടായിരുന്നു.എന്നാൽ ആഘോഷങ്ങൾ പാടില്ലെന്ന സർക്കാർ നിർദേശമുള്ളതിനാൽ പലരും പടക്കം സ്വന്തം വീടുകളിൽ പൊട്ടിച്ച് അതിന്റെ വീഡിയോ എടുത്ത് സോഷ്യൽമീഡിയയിൽ പങ്കുവെച്ച് എതിരാളികളെ ചൊടിപ്പിക്കുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന വീഡിയോകളും ഫോട്ടോകളും ഡയലോഗുകളുമാണ് സോഷ്യൽമീഡിയയിൽ ഇടതുപ്രവർത്തകരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ടത്. അതോടൊപ്പം ഓരോ മണ്ഡലത്തിലുമുള്ള പ്രവർത്തകർ വിജയികളായ സ്ഥാനാർഥികളെ പ്രശംസിക്കുന്ന പോസ്റ്റുകളുമായി എത്തിയിരുന്നു.എതിർ സ്ഥാനാർഥികളെ കളിയാക്കുന്ന ട്രോളുകളും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.പ്രചാരണ സമയത്ത് യു.ഡി.എഫ് നേതാക്കൾ നടത്തിയ പ്രസംഗങ്ങളും കമന്റുകളും വീണ്ടും കുത്തിപ്പൊക്കി അവരെ തന്നെ കളിയാക്കാനായി ഉപയോഗിക്കുന്നു.


മലപ്പുറം ജില്ലയിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യപകമായി ട്രോളുകളുണ്ട്. നിയമസഭയിലേക്ക് മൽസരിക്കാൻ എം.പി.സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടി കേരളത്തിൽ യു.ഡി.എഫിന് ഭരണം കിട്ടാത്ത സാഹചര്യത്തിൽ ഇനി എങ്ങോട്ടു പോകുമെന്ന ട്രോളുകളാണ് വ്യാപകം. 
കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് പറഞ്ഞ പാലക്കാട്ടെ ബി.ജെ.പി സ്ഥാനാർത്ഥി മെട്രോമാനെയും കണക്കിന് ട്രോളുന്നുണ്ട്. ഗുരുവായൂരപ്പന് മുന്നിൽ അവിൽപൊതിയുമായി എത്തിയ കുചേലനെന്ന് സ്വയം വിശേഷിപ്പിച്ച മുസ്‌ലിം ലീഗ് സ്ഥാനാർഥി കെ.എൻ.എ ഖാദറിനും ട്രോളുകളുടെ വരവേൽപ്പുണ്ട്.കോവിഡ് മൂലം പരസ്യമായ ആഘോഷങ്ങൾക്ക് വിലക്കു വന്നപ്പോൾ സോഷ്യൽമീഡിയയിൽ പരമാവധി പോസ്റ്റുകളിട്ട് വിഷമം തീർക്കുകയാണ് ഇടതുപ്രവർത്തകർ.

 

Latest News