ടി.സിദ്ദിഖ് തിരുത്തിയത് കല്‍പറ്റയുടെ തെരഞ്ഞെടുപ്പു ചരിത്രം

കല്‍പറ്റ-നിയമസഭാ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ മണ്ഡലത്തില്‍ ചരിത്രം തിരുത്തി യു.ഡി.എഫ്. മുസ്‌ലിം നാമധാരിയെ നിയമസഭയിലേക്കു അയക്കാത്ത മണ്ഡലമെന്ന കുപ്രസിദ്ധി കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ ടി.സിദ്ദിഖ് പഴങ്കഥയാക്കി.
ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്ന മണ്ഡലത്തില്‍നിന്നു ആദ്യമായി നിയമസഭാംഗമാകുന്ന മുസ്‌ലിം സമുദായാംഗം എന്ന ഖ്യാതി  ഇനി സിദ്ദിഖിനു സ്വന്തം.
5,470 വോട്ടാണ് സിദ്ദിഖിന്റെ ഭൂരിപക്ഷം. യു.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി പ്രതീക്ഷിച്ചതിലും കൂടുതലാണിത്. കടുത്ത മത്സരം നടന്ന മണ്ഡലത്തില്‍ ഏകദേശം 3,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് കണക്കുകൂട്ടിയിരുന്നത്. രാജ്യസഭാഗവും എല്‍.ജെ.ഡി സംസ്ഥാന അധ്യക്ഷനുമായ എം.വി.ശേയാംസ്‌കുമാറിനെയാണ് തെരഞ്ഞെടുപ്പില്‍ സിദ്ദിഖ് നേരിട്ടത്. കോണ്‍ഗ്രസിലെ അകപ്പോരും ജില്ലയ്ക്കു പുറമേനിന്നുള്ള സ്ഥാനാര്‍ഥി എന്ന ന്യൂനതയും സിദ്ദിഖിനു ദോഷമാകുമെന്ന എല്‍.ഡി.എഫ് അനുമാനം അസ്ഥാനത്തായിരുന്നുവെന്നു വ്യക്തമാക്കുന്നതായി തെരഞ്ഞെടുപ്പുഫലം. പോള്‍ ചെയ്തതില്‍ 70,252 വോട്ട് സിദ്ദിഖിനു ലഭിച്ചു. ശ്രേയാംസ്‌കുമാറിനു 64,782 വോട്ടാണ് നേടാനായത്.
മണ്ഡലത്തില്‍ കഴിഞ്ഞ അര നൂറ്റാണ്ടിനിടെ മുസ്‌ലിം നാമധാരികളായ പ്രമുഖര്‍ പല പാര്‍ട്ടി ടിക്കറ്റുകളില്‍ മത്സരിച്ചെങ്കിലും ജനവിധി അനുകൂലമാക്കാനായില്ല. 1970ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ പി.സിറിയക് ജോണുമായുള്ള അങ്കത്തില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.കെ.അബു വീണു. 1980ലെ തെരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടിയിലെ എം. കമലവുമായി ഏറ്റുമുട്ടിയ റവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ കെ.അബ്ദുല്‍ഖാദറിനു പിഴച്ചു.  1982ല്‍ കല്‍പറ്റയില്‍ വീണ്ടും പോരിനിറങ്ങിയ കമലത്തെ നേരിട്ട ജനതാപാര്‍ട്ടിയിലെ പി.എ.ഹാരിസ് തോറ്റു. 1987ല്‍ ജനതാപാര്‍ട്ടിയിലെ എം.പി.വീരേന്ദ്രകുമാറുമായി ഏറ്റുമുട്ടിയ  മുസ്‌ലിംലീഗിലെ സി.മമ്മൂട്ടി 15,000ല്‍പരം വോട്ടിനു പിന്നിലായി.  1991ല്‍ കോണ്‍ഗ്രസിലെ കെ.കെ.രാമചന്ദ്രനുമായി പോരടിച്ച   ജനതാദളിലെ കെ.കെ.ഹംസയ്ക്കു ജയിക്കാനായില്ല. 2001ല്‍ ഹംസയുമായി വീണ്ടും മത്സരിച്ചപ്പോഴും രാമചന്ദ്രനായിരുന്നു വിജയം. 2011ല്‍ സോഷ്യലിസ്റ്റ് ജനത ഡമോക്രാറ്റിക് പാര്‍ട്ടിയിലായിരുന്ന എം.വി.ശ്രേയാംസ്‌കുമാറുമായുള്ള മത്സരത്തില്‍  സി.പി.എമ്മിലെ പി.എ.മുഹമ്മദ് തോറ്റു. പത്തു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു കല്‍പറ്റയില്‍ മുസ്‌ലിംനാമധാരി മുഖ്യസ്ഥാനാര്‍ഥികളില്‍ ഒരാളായ മത്സരം.

 

Latest News