കണ്ണൂർ- തെരഞ്ഞെടുപ്പ് വിജയത്തിന്റെ നേരവകാശികൾ ജനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ അഞ്ചുവർഷത്തെ സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ അംഗീകരിച്ചുവെന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ്. സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ നിവർത്തിക്കാൻ ഇടതുമുന്നണിക്കേ കഴിയൂവെന്ന് കേരളത്തിലെ ജനങ്ങൾ മനസിലാക്കി. ഞങ്ങൾ ജനങ്ങളെ വിശ്വസിച്ചു. ജനം ഞങ്ങളെയും വിശ്വസിച്ചു. പ്രതിസന്ധി വന്നപ്പോൾ ജനങ്ങളെല്ലാം എൽ.ഡി.എഫിനൊപ്പം നിന്നു. കേരളത്തിന്റെ വികസനത്തിന് ഇടതുമുന്നണിയുടെ തുടർഭരണം വേണമെന്ന് ജനം ആഗ്രഹിച്ചു. നിരവധി വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുണ്ട്. ഒരു ഭാഗത്ത് വലിയ തൊഴിലില്ലായ്മയുണ്ട്. ഇതിന് കൂടുതൽ തൊഴിലവസരങ്ങളുണ്ടാകണം. തൊഴിൽ സാധ്യത കൂട്ടാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകും. നടപ്പാക്കാവുന്ന കാര്യങ്ങൾ മാത്രമേ എൽ.ഡി.എഫ് പറഞ്ഞിട്ടുള്ളൂ. പറഞ്ഞതെല്ലാം നടപ്പാക്കിയിട്ടുണ്ട്. അത് ജനങ്ങൾ അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ മനസിലാക്കിയതാണ്. അതുകൊണ്ടാണ് നമ്മുടെ നാടിന്റെ ഭാവിതാൽപര്യങ്ങൾക്ക് എൽ.ഡി.എഫ് തുടർഭരണം വേണമെന്ന് ജനം തീരുമാനിച്ചത്. തൊഴിലവസരം ഒരുക്കുന്നത് പോലെ പ്രധാനമാണ് നമ്മുടെ നാടിന്റെ മതനിരപേക്ഷത സംരക്ഷിക്കേണ്ടത്. അതിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു വിഭാഗം കേരളത്തിൽ വേണമെന്ന് ജനം തീരുമാനിച്ചു. നമ്മുടെ നാട്ടിലും വർഗീയ ശക്തികളുണ്ട്. അവരുടെ സ്വഭാവം, അവരുടെ തനത് രീതികൾ കേരളത്തിൽ വളർത്തിക്കൊണ്ടുവരാനും അവർ ശ്രമിച്ചു. അതിന് ഉതകുന്ന ചില ശ്രമങ്ങൾ അവരുടെ ഭാഗത്ത്‌നിന്നുണ്ടായി. അതിനോട് വിട്ടുവീഴ്ച ചെയ്യാത്ത ഒരു സർക്കാർ ഉണ്ടായി എന്നതാണ് ഭീതിജനകമായ ഒരു വർഗീയ സംഘർഷവും കേരളത്തിൽ ഉണ്ടാകാതിരുന്നതെന്നും പിണറായി വ്യക്തമാക്കി.






