കോവിഡ് പോരാട്ടത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും രംഗത്തിറക്കാന്‍ ആലോചന

ന്യൂദല്‍ഹി- രാജ്യം യുദ്ധ സമാനമായ തയാറെടുപ്പുകളോടെ കോവിഡിനെതിരെ പൊരുതുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവ് നികത്താന്‍ അവസാന വര്‍ഷ എം.ബി.ബി.എസ്, നഴ്‌സിങ് വിദ്യാര്‍ത്ഥികളേയും രംഗത്തിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. കോവിഡ് പ്രതിരോധ പ്രവവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. രാജ്യത്തെ ആരോഗ്യ സംവിധാനം വേണ്ടത്ര വിഭവങ്ങളില്ലാതെ പ്രതിസന്ധി നേരിടുകയാണ്. മനുഷ്യവിഭവ ശേഷി എങ്ങനെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നും യോഗം ചര്‍ച്ച ചെയ്തു. ഇതിന്റെ ഭാഗമായാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും നഴ്‌സിങ് പഠനം കഴിഞ്ഞിറങ്ങുന്നവരേയും ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിച്ചത്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസമെ പുറത്തുവരൂവെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. 

ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷ നീട്ടിവെക്കുന്നതും എം.ബി.ബിഎസ് കഴിഞ്ഞിറങ്ങുന്നവര്‍ക്ക് കോവിഡ് ഡ്യൂട്ടിക്ക് ചേര്‍ന്നാല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതും ചര്‍ച്ചയായി. ഇങ്ങനെ സേവനത്തിന് തയാറാകുന്ന മെഡിക്കല്‍, നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലും സാമ്പത്തികാനൂല്യങ്ങളുടെ കാര്യത്തിലും മുന്‍ഗണന നല്‍കാനാണു നീക്കം. രാജ്യത്തൊട്ടാകെ പലയിടത്തും കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ ആരോഗ്യ പ്രവര്‍ത്തകരുടേയും ടെസ്റ്റിങ് കേന്ദ്രങ്ങളുടേയും ജോലി താങ്ങാവുന്നതിലും അപ്പുറത്തായിരിക്കുകയാണ്. നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. 

കോവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമായതോടെ ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്. ആഴ്ചകളായി നിലനില്‍ക്കുന്ന ഓക്‌സിജന്‍ ക്ഷാമത്തിന് ഇപ്പോഴും പൂര്‍ണ പരിഹാരമായിട്ടില്ല. ഇതിനിടെ കോവിഡ് വാക്‌സിന് കടുത്ത ക്ഷാമവും ഉണ്ട്.
 

Latest News