2000 രൂപ നോട്ടുകളുടെ വിതരണം
റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്നുവെന്ന് എസ്.ബി.ഐ
ന്യൂദല്‍ഹി- കഴിഞ്ഞ വര്‍ഷം നവംബറില്‍ നോട്ടു നിരാധനത്തിനു ശേഷം അവതരിപ്പിച്ച 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ത്തിവെക്കുകയോ വിതരണം നിയന്ത്രിക്കുകയോ ചെയ്തിട്ടുണ്ടെന്ന് എസ്ബിഐ ഗവേഷണ റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകളും നിലവില്‍ വിപണിയിലുള്ള നോട്ടുകളുടെ കണക്കുകളും വിലയിരുത്തിയാണ് ഈ നിഗമനം. 2017 മാര്‍ച്ച് വരെ വിപണിയിലുണ്ടായിരുന്ന ചെറിയ നോട്ടുകളുടെ മൂല്യം 3,501 ശതകോടി രൂപയായിരുന്നു. ചെറിയ നോട്ടുകളെ മാറ്റി നിര്‍ത്തിയാല്‍ ഡിസംബര്‍ എട്ടു വരെ വിപണിയിലുണ്ടായിരുന്ന വലിയ നോട്ടുകളുടെ മൂല്യം 13,324 ശതകോടി രൂപയും.
ലോക്‌സഭയില്‍ ധനമന്ത്രാലയം അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 16,957 ദശലക്ഷം 500 രൂപയുടേയും 3,654 ദശലക്ഷം 2000 രൂപയുടേയും നോട്ടുകളാണ് ഡിസംബര്‍ എട്ടു വരെ റിസര്‍വ് ബാങ്ക് അച്ചടിച്ചിട്ടുള്ളത്. ഈ നോട്ടുകളുടെ മൊത്തം മൂല്യം 15,787 ശതകോടി രൂപയാണ്. അതേസമയം വിപണിയിലുള്ള വലിയ നോട്ടുകളുടെ മൂല്യം 13,324 ശതകോടി രൂപയും. ബാക്കി വരുന്ന 2,463 ശതകോടി രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അച്ചടിച്ച ശേഷം വിപണിയിലിറക്കാതെ മാറ്റി വെച്ചതാകാമെന്നാണ് എസ്ബിഐ ഗ്രൂപ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്.
ഈ മൂല്യത്തിനു തുല്യമായി ചെറിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അച്ചടിച്ചിരിക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സ്വാഭാവികമായും 2000 രൂപ നോട്ടുകള്‍ ഇടപാടുകളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അതു കൊണ്ടു തന്നെ റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിയിരിക്കാം. തുടക്കത്തിലെ സാഹചര്യം നേരിടാന്‍ മതിയായ എണ്ണം 2000 രൂപാ നോട്ടുകള്‍ അച്ചടിച്ച ശേഷം ഇപ്പോള്‍ ചെറിയ നോട്ടുകള്‍ അച്ചടിച്ചു വരികയുമാകാം- റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. വിപണിയിലുള്ള മൊത്തം കറന്‍സികളില്‍ ചെറിയ കറന്‍സികളുടെ മൂല്യം ഇപ്പോള്‍ 35 ശതമാനമായിരിക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്.