ബത്തേരിയില്‍ ഹാട്രിക് വിജയത്തിനടുത്ത് യു.ഡി.എഫ്, കല്‍പ്പറ്റയില്‍ സിദ്ദിഖ് ചരിത്രം തിരുത്തിയേക്കും, മാനന്തവാടിയില്‍ ജയലക്ഷ്മിക്കു പ്രഹരം

കല്‍പ്പറ്റ- ബത്തേരിയില്‍ ഹാട്രിക് ജയത്തിനടുത്ത് കോണ്‍ഗ്രസ്. മുസ്ലിം പേരുള്ളവരെ വിജിയിപ്പിക്കാത്ത മണ്ഡലമെന്ന ചരിത്രം തിരുത്തുമെന്ന സൂചന നല്‍കി കല്‍പ്പറ്റ. മാനന്തവാടിയില്‍ യു.ഡി.എഫിനു അപ്രതീക്ഷിത പ്രഹരം. ഇത്രയുമാണ് വോട്ടെണ്ണെല്‍ അന്തിമഘട്ടത്തോടുക്കുമ്പോള്‍ വയനാട്ടില്‍നിന്നുള്ള തെരഞ്ഞെടുപ്പു ചിത്രം.
ഏറ്റവും ഒടുവില്‍ ലഭിച്ച കണക്കനുസരിച്ചു ബത്തേരി മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണന്‍ 8256 വോട്ടിനു മുന്നിലാണ്. ഇതുവരെ എണ്ണിയതില്‍ 44,889 വോട്ട് ബാലകൃഷ്ണനു ലഭിച്ചു. സി.പി.എമ്മിലെ എം.എസ്. വിശ്വനാഥന്‍ 35,802 വോട്ട് നേടി. എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കെ. ജാനുവിനു 8,090 വോട്ടാണ് ലഭിച്ചത്.
കല്‍പ്പറ്റ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടി. സിദ്ദിഖ് 5,419 വോട്ടിനു മുന്നിലാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എല്‍.ജെ.ഡിയിലെ എം.വി. ശ്രേയാംസ്‌കൂമാറിനു 36,537 വോട്ടുണ്ട്. എന്‍.ഡി.എ സ്ഥാനാര്‍ഥി ബി.ജെ.പിയിലെ ടി.എം. സുബീഷ് 8,467 വോട്ട് നേടി.
മാനന്തവാടിയില്‍ മുന്‍ മന്ത്രിയും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.കെ. ജയലക്ഷ്മി  സിറ്റിംഗ് എം.എല്‍.എ ഒ.ആര്‍. കേളുവിനേക്കാള്‍ 9,087 വോട്ടിനു പിന്നിലാണ്. കേളുവിനു 37,295 വോട്ട് ലഭിച്ചപ്പോള്‍ ജയലക്ഷ്മിക്കു 29,039 വോട്ടാണ് നേടാനായത്. ബി.ജെ.പിയിലെ മുകുന്ദന്‍ പള്ളിയറ 6,331 വോട്ട് നേടി.
2016ലെ തെരഞ്ഞൈടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ 11,198 വോട്ടായിരുന്നു ബാലകൃഷ്ണന്റെ ഭൂരിപക്ഷം. ഇത്തവണയും ഭൂരിപക്ഷം 10,000 കവിയുമെന്നാണ് സൂചന. കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ചു സി.പി.എമ്മിലെത്തിയ എം.എസ്. വിശ്വനാഥനാണ് ബത്തേരിയില്‍ ബാലകൃഷ്ണന്റെ മുഖ്യ എതിരാളി. മുത്തങ്ങ സമര നായികയും ജെ.ആര്‍.എസ് സംസ്ഥാന അധ്യക്ഷയുമായ സി.കെ. ജാനു തുടര്‍ച്ചയായ രണ്ടാം തവണയാണ് ബത്തേരിയില്‍ ജനവിധി തേടിയത്. 2016ലെ തെരഞ്ഞെടുപ്പില്‍  27,920 വോട്ടാണ് ജാനുവിനു ലഭിച്ചത്. ഇക്കുറി ഇതിന്റെ പകുതി വോട്ടുപോലും അവര്‍ക്കു ലഭിക്കില്ലെന്നാണ് സൂചന.
മാനന്തവാടിയില്‍ 2016ലെ തെരഞ്ഞെടുപ്പിലും ജയലക്ഷ്മിയും കേളുവുമാണ് ഏറ്റുമുട്ടിയത്. 1,307 വോട്ടായിരുന്നു കേളുവിന്റെ ഭൂരിപക്ഷം. ഇത്തവണ യു.ഡി.എഫ് വോട്ടില്‍ വന്‍ ചോര്‍ച്ചയുണ്ടായെന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പുഫല സൂചനകള്‍.  
2016ല്‍ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ സി.കെ. ശശീന്ദ്രന്‍ 13,083 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച കല്‍പ്പറ്റ മണ്ഡലത്തില്‍ യു.ഡി.എഫ് വന്‍ മുന്നേറ്റമാണ് നടത്തുന്നത്. 2011ലെ തെഞ്ഞെടുപ്പില്‍ ശ്രേയാംസ്‌കുമാര്‍ 18,169 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച മണ്ഡലവുമാണിത്.
 

 

Latest News