മോഡിയും സർക്കാരും അവഗണിച്ചു; മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍

ന്യൂദല്‍ഹി- ഇന്ത്യയില്‍ കൊറോണയുടെ ആഘാതം മാരകമാകുമെന്ന മുന്നറിയിപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണിച്ചതായി ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിന്റെ പുതിയതും കൂടുതല്‍ വ്യാപിക്കാന്‍ സാധ്യതയുള്ളതുമായ വകഭേദം രാജ്യത്തെ പിടികൂടുമെന്ന് സര്‍ക്കാര്‍ രൂപീകരിച്ച ശാസ്ത്ര ഉപദേഷ്ടാക്കളുടെ ഫോറം മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഫോറത്തിന്റെ ഭാഗമായ അഞ്ച് ശാസ്ത്രജ്ഞര്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.


മുന്നറിയിപ്പ് നല്‍കിയിട്ടും വൈറസ് പടരുന്നത് തടയാന്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതാക്കളും പ്രതിപക്ഷ രാഷ്ട്രീയക്കാരും നടത്തിയ രാഷ്ട്രീയ റാലികളിലും മത സമ്മേളനങ്ങളിലും ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയ മാറ്റങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിക്ക് സമീപം തമ്പടിച്ചു. ഇന്ത്യയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിനു പുറമെ, ബ്രിട്ടനില്‍ കണ്ടെത്തിയ വകഭേദവുമാണ് ഇന്ത്യയില്‍ ഇപ്പോള്‍ കോവിഡ് വ്യാപനം തീവ്രമാക്കിയിരിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പ്രതിദിന കേസുകള്‍ കൂടി വരവെ, ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാകാതെ രാജ്യം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.


പുതിയ വേരിയന്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് മാര്‍ച്ച് ആദ്യം തന്നെ  ഇന്ത്യന്‍ സാര്‍സ് കോവിഡ്  ജനിറ്റിക്‌സ് കണ്‍സോര്‍ഷ്യം (ഐ.എന്‍.എസ്.എ.സി.ഒ.ജി)  നല്‍കിയിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പ്രധാനമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥനെയാണ് ഇക്കാര്യം അറിയിച്ചത്.  ഈ റിപ്പോര്‍ട്ട് പ്രധാനമന്ത്രി മോഡിക്ക് യഥാസമയം ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും അന്വേഷണത്തോട് മോഡിയുടെ ഓഫീസ് പ്രതികരിച്ചില്ലെന്നും റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു.


കേരളത്തില്‍ ആദ്യമായി ഒരു മസ്ജിദ് കോവിഡ് ചികിത്സാ കേന്ദ്രമായി

 

Latest News