ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ജോന്‍പൂര്‍ ജില്ലാ ആശുപത്രിക്കു പുറത്ത് ഓക്‌സിജന്‍ ലഭിക്കാതെ വലഞ്ഞ രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കിയ സ്വകാര്യ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ ജില്ലാ ഭരണകൂടം കേസെടുത്തു. സര്‍ക്കാരിനെതിരെ തെറ്റായതും അപമാനകരവുമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ചാണ് 35കാരനായ ഡ്രൈവര്‍ വിക്കി അഗ്രിഹാരിക്കെതിരെ കേസെടുത്തത്. ആശുപത്രിയില്‍ കിടക്കകളും ഓക്‌സിജനും ഇല്ലെന്ന് ഡ്രൈവര്‍ പറഞ്ഞതാണ് അധികൃതരെ ചൊടിപ്പിച്ചത്. വിക്കി രോഗികളെ മനപ്പൂര്‍വ്വം ആശുപത്രിയില്‍ പ്രവേശിപ്പിക്കാതെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുമ്പോള്‍ വിക്കി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ലെന്നും അധികൃതര്‍ ആരോപിച്ചു. ഈ രംഗങ്ങള്‍ വിക്കി മൊബൈലില്‍ പകര്‍ത്തിയെന്നും അവര്‍ ആരോപിച്ചു. ആശുപത്രി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് വിക്കിക്കെതിരെ കേസെടുത്തത്. കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഒരു സ്വാകാര്യ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലായ ഒരു രോഗിയെ വ്യാഴാഴ്ച രാവിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് വിക്കി പറയുന്നു. ബെഡും ഓക്‌സിജനും ഇല്ലെന്നു പറഞ്ഞ് സ്വകാര്യ ആശുപത്രി ഈ രോഗിയെ മടക്കി അയച്ചതായിരുന്നുവെന്ന് വിക്കി പറഞ്ഞു. രോഗി ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ ആശുപത്രി കെട്ടിടത്തിനു സമീപത്തു വച്ചു രോഗിക്ക് ആംബുലന്‍സിലെ ഓക്‌സിജന്‍ നല്‍കുകയായിരുന്നു. ഇതു കണ്ട് അവിടെ പ്രവേശനം കാത്തിരിക്കുകയായിരുന്ന നിരവധി പേരെത്തി ഓക്‌സിജന്‍ നല്‍കി സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചു. താന്‍ കൊണ്ടു വന്ന രോഗിക്ക് ഓക്‌സിജന്‍ കിറ്റ് സജ്ജീകരിച്ച ശേഷം മറ്റു രണ്ടു രോഗികള്‍ക്കു കൂടി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഏര്‍പ്പെടുത്തി കൊടുത്തതായും വിക്കി പറഞ്ഞു.
രോഗികളെ സഹായിക്കാന്‍ ഒരു സുഹൃത്തും ഓക്‌സിജന്‍ എത്തിച്ചു നല്‍കി. മണിക്കൂറുകള്‍ക്കു ശേഷം വൈകിട്ട് 3.30ഓടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആശുപത്രിയിലെത്തിയ ശേഷമാണ് രോഗികളെ എല്ലാം പ്രവേശിപ്പിച്ചതെന്നും വിക്കി പറഞ്ഞു. താന്‍ ഏതെങ്കിലും സന്നദ്ധ സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ആളല്ലെന്നും രോഗികള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നത് മൊബൈലില്‍ വിഡിയോ ചിത്രീകരിച്ചിട്ടില്ലെന്നും വിക്കി പറഞ്ഞു. വൈകീട്ട് ഒരു ആശുപത്രി ജീവനക്കാരന്‍ വന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ അവര്‍ തനിക്കെതിരെ കേസെടുക്കുകയായിരുന്നുവെന്നും വിക്കി പറഞ്ഞു.






