ഡോ. കെ.എസ്.മാധവനുള്ള കാരണം കാണിക്കൽ നോട്ടീസ് പിൻവലിക്കണം -വെൽഫെയർ പാർട്ടി


തിരുവനന്തപുരം- രാജ്യത്തെ വിവിധ സർവകലാശാലകളിൽ നടക്കുന്ന സംവരണ അട്ടിമറിയെ കുറിച്ച് ലേഖനമെഴുതിയ ദളിത്, കീഴാള, മുസ്‌ലിം പഠന വിദഗ്ധൻ ഡോ. കെ.എസ്.മാധവന് കാരണം കാണിക്കൽ നോട്ടീസ് നൽകിയ കാലിക്കറ്റ് സർവകലാശാല ഇടത് സിൻഡിക്കേറ്റ് നടപടി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കരിപ്പുഴ. കാലിക്കറ്റ് സർവകലാശാലയെ ഇടത് സവർണാധിപത്യ കേന്ദ്രമാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഡോ. കെ.എസ് മാധവനെതിരെയുള്ള നടപടി. രാജ്യത്ത് പുതുതായി രൂപം കൊള്ളുന്ന ദളിത് ആദിവാസി മുസ്‌ലിം മുന്നേറ്റങ്ങളെ അസഹിഷ്ണുതയോടെ ഇടതുപക്ഷ സിൻഡിക്കേറ്റ് കാണുന്നതിന്റെ തെളിവ് കൂടിയാണിത്. സർവകലാശാലയിൽ ഇടതു സിൻഡിക്കേറ്റ് നടത്തുന്ന സംവരണ അട്ടിമറി വ്യക്തമായ തെളിവുകളോടെ പുറത്തു വന്നതാണ്. അടുത്ത കാലത്തു നടന്ന അധ്യാപക നിയമനങ്ങളിൽ ഇടതുപക്ഷ കുഴലൂത്തുകാർക്ക് അവസരമൊരുക്കുകയും അർഹമായ റാങ്കുള്ളവരെ പുറന്തള്ളുകയും ചെയ്ത അനുഭവങ്ങൾ പലരും പങ്കുവെച്ചിട്ടുണ്ട്.
വിജ്ഞാന ഉൽപാദനത്തിലും വിനിമയത്തിലും ദളിത്, കീഴാള, മുസ്‌ലിം വിഭാഗങ്ങൾ ശക്തി പ്രാപിക്കുന്നത് സംഘ്പരിവാറിനെ പോലെ തന്നെ ഇടതുപക്ഷവും ഭയത്തോടെയാണ് നോക്കിക്കാണുന്നത്. പാർട്ടി പ്രവർത്തകർക്കും അനുഭാവികൾക്കും മാത്രമായി യൂനിവേഴ്‌സിറ്റി തസ്തികകൾ സംവരണം ചെയ്യുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്ന രീതി തികച്ചും ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

Latest News