കൽപറ്റ - വയനാട്ടിലെ മൂന്നു വോട്ടെണ്ണൽ കേന്ദ്രങ്ങളിലും മതിയായ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓരോ കേന്ദ്രത്തിലും സുരക്ഷയ്ക്ക് കേന്ദ്ര സേനയും ഡിവൈ.എസ്.പിയുടെ നേതൃതത്തിൽ ഒരു ഇൻസ്‌പെക്ടറും രണ്ട് എസ്.ഐമാരും 32 പോലീസുകാരും ഉണ്ടാകും. കൽപറ്റ, മാനന്തവാടി, ബത്തേരി, സബ്ഡിവിഷൻ പോലീസ് ഓഫീസർമാർക്കാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ സുരക്ഷാ ചുമതല. ഒരു ഇൻസ്‌പെക്ടറും മൂന്നു എസ്.ഐമാരും 30 പോലീസുകാരും ഉൾപ്പെടുന്ന ടീം ഓരോ വോട്ടണ്ണൽ കേന്ദ്രങ്ങളുടെയും പുറത്തും സുരക്ഷാ ചുമതല നിർവഹിക്കും.
ജില്ലയിലെ 17 പോലീസ് സ്റ്റേഷനുകൾക്കു കീഴിൽ രണ്ടു വീതം മൊബൈൽ പട്രോളിംഗ് അധികം ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷൻ ഇൻസ്‌പെക്ടർമാരുടെയും സബ്ഡിവിഷൻ പോലീസ് ഓഫീസർമാരുടെയും പട്രോളിംഗും ഉണ്ടാകും. 30 വീതം പോലീസുകാർ അടങ്ങുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് മൂന്നു സബ് ഡിവിഷൻ പോലീസ് ഓഫീസർമാരുടെ കീഴിൽ പ്രവർത്തിക്കും. ജില്ലാ ആസ്ഥാനത്ത് ഡിവൈ.എസ്.പിയുടെ നേതൃതത്തിൽ 50 പേരടങ്ങുന്ന ജില്ലാ പോലീസ് മേധാവിയുടെ സ്‌ട്രൈക്കിംഗ് ഫോഴ്‌സും ഉണ്ടായിരിക്കും. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ നേരിടുന്നതിന് സ്‌ട്രൈക്കിംഗ് ഫോഴ്‌സിനെ ഉപയോഗിക്കും.
വരണാധികാരികൾ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇല്ലാതെ ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കില്ല. വോട്ടണ്ണൽ കേന്ദ്രങ്ങളോട് ചേർന്ന് റോഡിന്റെ 100 മീറ്റർ പരിധിയിൽ വാഹനങ്ങൾ അനുവദിക്കില്ല. വാഹന പാർക്കിംഗിനു പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും പരിസരത്തും എത്തുന്ന ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ, ഏജന്റുമാർ തുടങ്ങിയവർ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയ വിജയാഹഌദങ്ങളും കൂടിച്ചേരലുകളും ഇന്നും നാളെയും ജില്ലയിൽ അനുവദിക്കില്ലെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.