കോഴിക്കോട് - ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ എട്ടു മുതൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിത്തുടങ്ങും. തപാൽ വോട്ടുകളാണ് ആദ്യമെണ്ണുക. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് തപാൽ വോട്ടുകൾ കൂടുതലാണ് എന്നതിനാൽ ഇവ എണ്ണിത്തീരും മുമ്പ് 8.15 ഓടെ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ സൂചനകൾ ലഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വേേു:െൃലൗെഹെേ.ലരശ.ഴീ്.ശി എന്ന വെബ്‌സൈറ്റിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഫലം ലഭ്യമാവുക. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനായി ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. തപാൽ വോട്ടുകളുടെ എണ്ണക്കൂടുതൽ കാരണം അവസാന ഫലം പതിവിലും വൈകും.
ഒരു റൗണ്ടിൽ 28 ടേബിൾ വീതമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണുന്നതിനായി ഓരോ മണ്ഡലങ്ങളിലും ക്രമീകരിച്ചിരിക്കുന്നത്. 28 ടേബിളുകളിലെയും വോട്ടെണ്ണുന്നതോടെ ഒരു റൗണ്ട് പൂർത്തിയാവും. ഓരോ റൗണ്ടും പൂർത്തിയാവുമ്പോൾ ഫലം പുറത്തു വിടും. മുഴുവൻ റൗണ്ടും പൂർത്തിയായി കഴിയുമ്പോൾ റാൻഡമൈസ് ചെയ്‌തെടുക്കുന്ന അഞ്ച് പോളിംഗ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണും. തപാൽ ബാലറ്റുകളും എണ്ണിക്കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.