ന്യൂദൽഹി- കോവിഡ് കാരണം റദ്ദാക്കിയ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷക്കു നല്‍കേണ്ട മാർക്ക് സംബന്ധിച്ച് തീരുമാനമായി. വിദ്യാർഥികള്‍ക്ക് മാർക്ക് നല്‍കുന്നതിനുള്ള പോളിസി സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ പുറത്തുവിട്ടു.
ഓരോ വിഷയത്തിനും ആകെ നൂറു മാർക്കാണ്. ഇതിൽ 20 മാർക്ക് ഇന്റേണൽ അസസ്മെൻറിനാണ്. ശേഷിക്കുന്ന 80 മാർക്കിൽ എത്ര നൽകണമെന്ന് നിശ്ചയിക്കുന്നത് വിദ്യാഭ്യാസ വർഷത്തിൽ എഴുതിയ വിവിധ പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും. ജൂൺ 20ന് ഫലം പ്രഖ്യാപിക്കും.
പ്രിൻസിപ്പൽ അധ്യക്ഷനായ എട്ടംഗ സമിതിയുടെ വിലയിരുത്തലിന് ശേഷമാകണം അന്തിമ ഫലം പ്രഖ്യാപിക്കുന്നത്. മാർക്ക് നൽകുന്ന കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഏതെങ്കിലും തരത്തിൽ അനധികൃതമായി മാർക്ക് നൽകിയാൽ പിഴയും അയോഗ്യതയും കൽപിക്കുമെന്നും ഉത്തരവില്‍ പറയുന്നു.






