മദീന - സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അൽഉലയിൽ മെയിൻ റോഡിൽ വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിനെ ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി രണ്ടു ടയറുകളിൽ യുവാവ് കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ ട്രാഫിക് പോലീസ് തിരിച്ചറിഞ്ഞത്. യുവാവിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശിക്ഷകൾ വിധിക്കുന്നതിന് യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.
സമാന നിയമ ലംഘനത്തിന് തബൂക്കിൽ മറ്റൊരു യുവാവും പിടിയിലായി. നമ്പർ പ്ലേറ്റുകളില്ലാത്ത കാർ ഉപയോഗിച്ചാണ് യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. രണ്ടു ടയറുകളിൽ കാറോടിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് യുവാവ് തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് നിയമ ലംഘകനെ ട്രാഫിക് പോലീസ് തിരിച്ചറിഞ്ഞത്. യുവാവിന്റെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗതാഗത നിയമം അനുസരിച്ച ഏറ്റവും കടുത്ത ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് യുവാവിനെതിരായ കേസ് പ്രത്യേക ട്രാഫിക് അതോറിറ്റിക്ക് കൈമാറുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. നജ്‌റാനിൽ എതിർദിശയിൽ കാറോടിച്ച ഏതാനും യുവാക്കളും കഴിഞ്ഞ ദിവസം ട്രാഫിക് പോലീസിന്റെ പിടിയിലായി. ഇവരുടെ കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.






