Sorry, you need to enable JavaScript to visit this website.

സൗദി അബ്ശിറില്‍ പുതിയ സേവനം ഉള്‍പ്പെടുത്തി

റിയാദ് - സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ ബാധ്യതകള്‍ തീര്‍ത്ത് ജയില്‍ മോചനം സാധ്യമാക്കാന്‍ ആവശ്യമായ സംഭാവനകള്‍ നല്‍കുന്നതിന് ഉദാരമതികള്‍ക്ക് അവസരമൊരുക്കുന്ന 'ഫുരിജത്' സേവനം അബ്ശിറില്‍.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ 'അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സി'ലാണ് ഈ സേവനം  ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തിയത്. സാമ്പത്തിക തട്ടിപ്പുകള്‍ പോലെയുള്ള ക്രിമിനല്‍ കേസുകളല്ലാത്ത സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ കടങ്ങള്‍ സുരക്ഷിത രീതിയില്‍ വീട്ടാന്‍ 'ഫുരിജത്' സേവനം ഉദാരമതികള്‍ക്ക് അവസരമൊരുക്കുന്നു.
സഹായത്തിന് അര്‍ഹരായ തടവുകാരുടെ കേസുകള്‍ സെര്‍ച്ച് ചെയ്യാനും ശിക്ഷാ കാലം, പ്രായം, കുടുംബാംഗങ്ങളുടെ എണ്ണം, ശേഷിക്കുന്ന തുക എന്നിവ അടക്കം കേസുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പരിശോധിക്കാനും സഹായത്തിന് ഏറ്റവും അര്‍ഹരായ തടവുകാരുടെ പട്ടിക പരിശോധിക്കാനും ഉദാരമതികള്‍ക്ക് സാധിക്കും. അബ്ശിര്‍, ഇഹ്‌സാന്‍ പ്ലാറ്റ്‌ഫോമില്‍ നിലവില്‍ 'ഫുരിജത്' സേവനം ഉദാരമതികള്‍ക്ക് ലഭിക്കും.
സാമ്പത്തിക ബാധ്യതകളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരുടെ ബാധ്യതകള്‍ വീട്ടുന്നതിന് ആവശ്യമായ സംഭാവനകള്‍ തട്ടിപ്പുകളിലൊന്നും കുടുങ്ങാതെ സുരക്ഷിതമായും എളുപ്പത്തിലും നല്‍കാന്‍ 'ഫുരിജത്' സേവനം ഉദാരമതികള്‍ക്ക് അവസരമൊരുക്കുന്നു. തങ്ങള്‍ തെരഞ്ഞെടുക്കുന്ന തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പൂര്‍ണമായും വീട്ടാനും കടം തീര്‍ക്കുന്നതിന് ഭാഗിക സംഭാവന നല്‍കാനും ഉദാരമതികള്‍ക്ക് സാധിക്കും.

 

 

Latest News