തെരഞ്ഞെടുപ്പ് ഫലം ഇത്തവണ വൈകും, ആദ്യഫല  സൂചനകള്‍ 10 മണിയോടെ മാത്രം

തിരുവനന്തപുരം - സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് അന്തിമ ഫലങ്ങള്‍ പുറത്തുവരാന്‍ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തപാല്‍ വോട്ടുകളുടെ എണ്ണം ഇത്തവണ കൂടുതല്‍ ഉള്ളതിനാലാണ് വൈകുകയെന്നും ടിക്കാറാം മീണ അറിയിച്ചു. നിലവിലെ കോവിഡ് സാഹചര്യം മൂലം തപാല്‍ വോട്ടുകള്‍ ഇത്തവണ വളരെ അധികമുണ്ട്. ഇതെല്ലാം എണ്ണിതീര്‍ക്കേണ്ടതുണ്ട്. ആദ്യഫല സൂചനകള്‍ പത്ത് മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന തെരഞ്ഞടുപ്പ് കമ്മിഷന്‍ ആവിഷ്‌കരിച്ച ട്രന്‍ഡ് സോഫ്‌ട്വെയര്‍ ഇത്തവണയില്ല. എന്നാല്‍ കൃത്യമായ ഫലം വേഗത്തില്‍ എത്താനുള്ള സജീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. തപാല്‍ വോട്ടില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകില്ല. ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്‍കിയിട്ടുണ്ടെന്നും ടിക്കാറാം മീണ കൂട്ടിച്ചേര്‍ത്തു.പോസ്റ്റല്‍ ബാലറ്റിനെ ക്കുറിച്ചു പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ച സ്ഥിതിയ്ക്ക് തപാല്‍ വോട്ട് എണ്ണല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും നടക്കുക.
 

Latest News