സിറം ഇന്ത്യയ്ക്ക് പുറത്തും വാക്‌സിന്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ ഒരുങ്ങുന്നു

ന്യൂദല്‍ഹി- ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരായ സ്വകാര്യ ഇന്ത്യന്‍ കമ്പനി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വിദേശ രാജ്യങ്ങളിലും വാക്‌സിന്‍ ഉല്‍പ്പാദനം ആരംഭിക്കാനൊരുങ്ങുന്നു. ആസ്ട്ര സെനക കോവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന സിറം പല രാജ്യങ്ങളില്‍ നിന്നുമുള്ള ഓര്‍ഡറുകള്‍ പ്രകാരം ആവശ്യമായത്ര വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലാണിപ്പോള്‍. ഉയര്‍ന്ന ഡിമാന്‍ഡും ഉല്‍പ്പാദന സംവിധാനങ്ങളുടെ കുറവുമാണ് പ്രശ്‌നം. ഇപ്പോള്‍ ലണ്ടനിലുള്ള സിറം മേധാവി അദാര്‍ പൂനവാല ദി ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് വിദേശരാജ്യങ്ങളിലും ഉല്‍പ്പാദും ആരംഭിക്കുന്ന കാര്യം പറഞ്ഞത്. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ മേയ് അവസാനത്തോടെ ദിനംപ്രതി 10 കോടി വാക്‌സിന്‍ ഡോസുകള്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് കമ്പനി പറഞ്ഞിരുന്നെങ്കിലും ഇത് നടക്കില്ലെന്നാണ് ഇപ്പോള്‍ കമ്പനി തന്നെ പറയുന്നത്. ജൂലൈ മാസത്തോടെ മാത്രമെ ഇതു സാധ്യമാകൂ എന്നാണ് സിറം മേധാവി അദാര്‍ പുനവാലെ പറയുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ ക്ഷാമം രൂക്ഷമായതും കമ്പനിക്ക് തിരിച്ചടിയായിരിക്കുകയാണ്. ആറു മാസത്തിനകെ 2.5 മുതല്‍ മൂന്ന് ശതകോടി ഡോസുകള്‍ വരെ ഒരു വര്‍ഷം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി സിറം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Latest News