Sorry, you need to enable JavaScript to visit this website.

സൗദിയ ടിക്കറ്റ് റീബുക്കിംഗ് ഫീസ് ഇളവ് പ്രയോജനം ഡിസംബര്‍ 31 വരെ

റിയാദ് - അന്താരാഷ്ട്ര സര്‍വീസുകളിലെ ടിക്കറ്റ് റീബുക്കിംഗ്, ടിക്കറ്റ് റീഇഷ്യു ചെയ്യല്‍, യാത്രാ റൂട്ടില്‍ മാറ്റം വരുത്തല്‍ എന്നിവക്കുള്ള ഫീസുകള്‍ റദ്ദാക്കിയതിന്റെ പ്രയോജനം ഡിസംബര്‍ 31 വരെയുള്ള യാത്രകള്‍ക്ക് ലഭിക്കുമെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു.
2021 ഏപ്രില്‍ 27 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര ചെയ്യുന്നതിന് ഏപ്രില്‍ 27 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ റീകണ്‍ഫേം ചെയ്ത മുഴുവന്‍ ടിക്കറ്റുകളും റീബുക്ക് ചെയ്യുന്നതിനും റീഇഷ്യു ചെയ്യുന്നതിനും യാത്രാ റൂട്ടില്‍ മാറ്റം വരുത്തുന്നതിനുമുള്ള ഫീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.
ഫീസില്ലാതെ ഒന്നിലധികം തവണ റീബുക്ക് ചെയ്യാനും റീഇഷ്യു ചെയ്യാനും റൂട്ടില്‍ മാറ്റംവരുത്താനും അനുവദിച്ചിട്ടുണ്ട്. റൂട്ടില്‍ മാറ്റം വരുത്തുന്ന സാഹചര്യങ്ങളില്‍ നിരക്കില്‍ മാറ്റമുണ്ടെങ്കില്‍ അത് അടക്കേണ്ടിവരും. യാത്രക്കു മുമ്പായി ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് പിന്നീട് ഉപയോഗിക്കാന്‍ പറ്റുന്ന ബാലന്‍സ് എന്ന നിലയില്‍ ടിക്കറ്റ് നിരക്ക് സൂക്ഷിക്കാവുന്നതാണ്. യാത്രക്ക് എത്താത്ത പക്ഷം ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ബാധകമായിരിക്കും. കൊറോണ വൈറസ് മൂലം സര്‍ക്കാര്‍ ബാധകമാക്കിയ നിയന്ത്രണങ്ങളിലെ മാറ്റങ്ങള്‍ കാരണമായി യാത്രക്ക് സാധിക്കാത്ത പക്ഷം ഫീസില്ലാതെ ടിക്കറ്റ് നിരക്ക് പൂര്‍ണമായും തിരികെ ഈടാക്കാനും യാത്രക്കാര്‍ക്ക് സാധിക്കും.
2020 ജനുവരി 24 മുതല്‍ 2021 ഏപ്രില്‍ 21 വരെയുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ കണ്‍ഫേം ചെയ്ത ടിക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 24 മുതല്‍ 2020 ഡിസംബര്‍ 18 വരെ ഇഷ്യു ചെയ്ത ടിക്കറ്റുകളില്‍ ഫീസില്ലാതെ ഒന്നിലധികം തവണ റീബുക്കിംഗിനും റീഇഷ്യു ചെയ്യാനും യാത്രാ റൂട്ടില്‍ മാറ്റം വരുത്താനും അനുവദിക്കും. 2021 ഡിസംബര്‍ 31 വരെയുള്ള കാലത്ത് യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റുകളില്‍ മാറ്റം വരുത്തുമ്പോള്‍ നിരക്കുകളിലുള്ള വ്യത്യാസം ഒരു തവണ ഈടാക്കില്ല. ഡിസംബര്‍ 18 നു ശേഷം ഇഷ്യു ചെയ്ത ടിക്കറ്റുകളിലും ഫീസില്ലാതെ ഒന്നിലധികം തവണ റീബുക്കിംഗിനും റീഇഷ്യു ചെയ്യാനും യാത്രാ റൂട്ടില്‍ മാറ്റം വരുത്താനും അനുവദിക്കും. എന്നാല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കാലത്ത് യാത്ര ചെയ്യുന്നതിന് ഈ ടിക്കറ്റുകളില്‍ മാറ്റം വരുത്തുമ്പോള്‍ നിരക്കുകളിലുള്ള വ്യത്യാസം ഈടാക്കും.
ഈ ടിക്കറ്റുകളില്‍ യാത്രക്ക് എത്താത്തതിനും ടിക്കറ്റ് റദ്ദാക്കുന്നതിനുമുള്ള പിഴകളില്‍ നിന്ന് ഒരു തവണ യാത്രക്കാരെ ഒഴിവാക്കും. സ്വന്തം നിയന്ത്രണത്തില്‍ പെട്ടതല്ലാത്ത കാരണങ്ങളാല്‍ യാത്ര സാധ്യമാകാത്ത സാഹചര്യങ്ങളില്‍ സുരക്ഷാ ഫീസ്, തിരിച്ചുകിട്ടാത്ത മറ്റു ഫീസുകള്‍, ഇഷ്യു ഫീസ് എന്നിവ ഒഴികെയുള്ള മറ്റു ഫീസുകളില്ലാതെ ടിക്കറ്റ് നിരക്ക് തിരികെ ഈടാക്കാവുന്നതുമാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കും സൗദിയ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച ഓഫര്‍ ടിക്കറ്റുകള്‍ക്കും ഇത് ബാധകമല്ലെന്നും സൗദിയ വ്യക്തമാക്കി.

 

Latest News