യു.പിയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടണ്ണലും നാളെ, സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ശനിയാഴ്ച കോടതി അവധി ദിനത്തില്‍ നടത്തിയ പ്രത്യേക അടിയന്തര ഹിയറിംഗിനുശേഷം ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 

യുപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരവധി അറിയിപ്പുകളും ഉറപ്പുകളും കണക്കിലെടുത്താണ് നാളെ വോട്ടെണ്ണല്‍ നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.  829 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. 

ചൊവ്വാഴ്ച രാവിലെ വരെ  സംസ്ഥാനത്ത് മുഴുവന്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തണമെന്നും വിജയ റാലികള്‍ അനുവദിക്കരുതെന്നും  സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുനുള്ള ഉത്തരവാദിത്തം ഗസറ്റഡ് ഉദ്യോഗസ്ഥരെ ഏല്‍പിക്കണമെന്നും  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

അലഹബാദ് ഹൈക്കോടതി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കുന്നതുവരെ സംസ്ഥാനത്തെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ സൂക്ഷിക്കണമെന്നും കമ്മീഷനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പ്രവേശിക്കുന്നതിനുമുമ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, അവരുടെ ഏജന്റുമാര്‍ എന്നിവര്‍ കോവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന ആര്‍ടിപിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട്  ഹാജരാക്കുകയും വേണം.
 

Latest News