സിഡ്‌നി- അതിരൂക്ഷമായ കോവിഡ് വ്യാപനമുള്ള ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ അഞ്ചു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഓസ്‌ട്രേലിയ. മേയ് മൂന്നു മുതല്‍ ഈ കടുത്ത നടപടി പ്രാബല്യത്തില്‍ വരും. 14 ദിവസം ഇന്ത്യയില്‍ തങ്ങി രാജ്യത്തെന്നുവര്‍ക്കാണ് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്ന പൗരന്മാരും സ്ഥിരതാമസക്കാരും തടവു ശിക്ഷയും പിഴയും ഏറ്റുവാങ്ങേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് മുന്നറിയിപ്പ് നല്‍കി.
പൗരന്മാര്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നത് ഓസ്‌ട്രേലിയ ആദ്യമായാണ് ക്രിമിനല്‍ കുറ്റമാക്കിയിരിക്കുന്നത്. ഇത് വലിയ വിവാദത്തിനിടയാക്കുകയും ചെയ്തു. ഇ്‌പ്പോള്‍ ലോകത്ത് കോവിഡ് ഏറ്റവും രൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരെ കര്‍ശനമായി തടയാനാണ് ഈ നടപടി. ഈ തീരുമാനം ഗൗരവമായി തന്നെ സ്വീകരിച്ചതാണ്. ഓസ്‌ട്രേലിയയിലെ പൊതുജനാരോഗ്യത്തിന്റെ കാര്യക്ഷമത, ക്വാരന്റീന്‍ സംവിധാനം എന്നിവ സംരക്ഷിക്കുന്നതിന് ഇത് വളരെ നിര്‍ണായകമാണെന്നും മന്ത്രി പറഞ്ഞു. മേയ് 15ന് ഈ തീരുമാനം പുനപ്പരിശോധിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.






