തൃശൂര്‍- ബി.ജെ.പി പ്രതിരോധത്തിലായ മൂന്നരക്കോടിയുടെ വിവാദ കുഴല്‍പണ
കവര്‍ച്ച ക്വട്ടേഷന്‍ സംഘത്തെ മറയാക്കി ഒതുക്കുന്നതായി ആരോപണം. കുഴല്‍പണ കവര്‍ച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശിയും ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ധര്‍മ്മരാജനെയും യുവമോര്‍ച്ച മുന്‍ ട്രഷററായ സുനില്‍ നായിക്കിനേയും പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യും. ധര്‍മ്മരാജന് സുനില്‍ നായിക് ബിസിനസ് ആവശ്യങ്ങള്‍ക്ക് കൈമാറിയ പണമാണ് കൊടകരയില്‍ വെച്ച് നഷ്ടമായതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഈ പണത്തിന്റെ സ്രോതസ്സ് ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
വര്‍ഷങ്ങളായി തങ്ങള്‍ തമ്മില്‍ ബിസിനസ് ഇടപാടുണ്ടെന്നാണ് ധര്‍മ്മരാജനും സുനിലും പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിസിനസ് ഇടപാടുകളുടേയും പണമിടപാടുകളുടേയും രേഖകള്‍ ഹാജരാക്കാന്‍ ഇവരോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ഇത് ഹാജരാക്കുമോ എന്നതാണ് ഇനി കേസിനെ നിര്‍ണായകമാക്കുക.
ഇവര്‍ തമ്മിലുള്ള ബിസിനസ് ഇടപാടുകളുടെ ഭാഗമായി കൈമാറിയ പണമാണ് ഇതെന്ന് ഇരുവരും സമ്മതിച്ചതോടെ ഈ തുക തെരഞ്ഞെടുപ്പ് പ്രചാരണത്തിനും മറ്റുമായി കൊണ്ടുവന്ന പാര്‍ട്ടി ഫണ്ടാണെന്ന് തെളിയിക്കാന്‍ പോലീസിന് ബുദ്ധിമുട്ടുകളേറെയാണ്.
ഇരുവരും ബിസിനസുകാരാണെങ്കിലും ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നതാണ് പോലീസിന് ഇപ്പോള്‍ ഈ കേസില്‍ ഇത് രാഷ്ട്രീയ ബന്ധത്തിലേക്ക് നയിക്കാന്‍ ആകെ ലഭിച്ചിട്ടുള്ള സൂചന.
ധര്‍മ്മരാജനും സുനിലും വളരെ ആസൂത്രിതമായാണ് പോലീസിന് മൊഴി നല്‍കിയതെന്നാണ് പറയുന്നത്. തങ്ങളുടെ പണം തന്നെയാണ് ഇതെന്ന് ഇവര്‍ സമ്മതിച്ചതോടെ തുടരന്വേഷണം പോലും വഴിമുട്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. പണത്തിന്റെ സ്രോതസ്സ് കൂടി ഇവര്‍ ഹാജരാക്കിയാല്‍ കൊടകര കുഴല്‍പണ കേസ് മുന്നോട്ടു പോകാന്‍ എളുപ്പമാകില്ല.
ഇരുവരും തങ്ങളുടെ രാഷ്ട്രീയ ബന്ധങ്ങളും തള്ളിപ്പറഞ്ഞിട്ടില്ല. കവര്‍ച്ച ചെയ്യപ്പെട്ടെന്ന് ധര്‍മ്മരാജന്‍ പറയുന്ന 25 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തുവെന്നത് മാത്രമാണ് പോലീസിന് ഇപ്പോഴും ഈ കേസില്‍ കച്ചിത്തുരുമ്പായിട്ടുള്ളത്. മൂന്നര കോടിയോളം രൂപ ഈ ഇടപാടിലേക്ക് വന്നിരുന്നുവെന്നാണ് നേരത്തെയുണ്ടായിരുന്ന പല റിപ്പോര്‍ട്ടുകളും. ഇതിലേക്ക് കാര്യങ്ങള്‍ എത്തുന്നുണ്ടെന്ന് പണം പിടിച്ചെടുത്ത സമയത്ത് ഏറെക്കുറെ വ്യക്തമായിരുന്നു. ആ വഴിക്കാണ് പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണം.
പണം തട്ടിയെടുത്തവരില്‍ പല പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നവരുണ്ട്. ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പണം തട്ടാന്‍ ക്വട്ടേഷന്‍ നല്‍കിയതാര് എന്ന അന്വേഷണവും പുരോഗമിക്കുന്നുണ്ടെങ്കിലും അതും ഇതുവരെ വ്യക്തമായിട്ടില്ല. കര്‍ണാടകയിലെ മദ്യ ലോബിക്ക് പണമിടപാടുമായി ബന്ധമുണ്ടെന്നു തന്നെയാണ് ഇപ്പോഴും പോലീസ് കരുതുന്നത്.
അതേസമയം, പാര്‍ട്ടി ആരോപണത്തിലുള്‍പ്പെട്ടതോടെ എങ്ങനെ ഇതിനെ പ്രതിരോധിച്ച് അതിജീവിക്കാമെന്ന തന്ത്രം ബി.ജെ.പി ദേശീയ, സംസ്ഥാന നേതൃത്വം തന്നെ ആലോചിച്ച് ആസൂത്രണം ചെയ്തിരുന്നുവെന്നും പാര്‍ട്ടിയിലേക്ക് ഇപ്പോഴും കണക്ഷന്‍സ് എത്തിക്കാന്‍ കഴിയാതെ പോയത് ആ ആസൂത്രണ മികവിന്റെ ഫലമാണെന്നും ഏതാനും ക്വട്ടേഷന്‍, ഗുണ്ടാ, ബിസിനസ് സംഘങ്ങളിലേക്ക് കേസ് ഒതുങ്ങുകയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.