ഹൃദയഭേദകമായ കാഴ്ച, സ്‌ട്രെച്ചറുകളിലും കിടക്കകളിലും വെന്തുമരിച്ച കോവിഡ് രോഗികള്‍ 

ഭറൂച്ച്- ഗുജറാത്തിലെ ഭറൂച്ചില്‍ ആശുപത്രിയിലുണ്ടായ   തീപിടുത്തത്തില്‍ 18 കൊറോണ വൈറസ് രോഗികള്‍ മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് ദുരന്തം. സ്‌ട്രെച്ചറുകളിലും കിടക്കകളിലും രോഗികള്‍ വെന്തുമരിച്ച ദൃശ്യങ്ങള്‍ ഹൃദയഭേദകമായി. നാല് നിലകളുള്ള വെല്‍ഫെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെ കോവിഡ് വാര്‍ഡില്‍നിന്ന് തീ പടര്‍ന്നപ്പോള്‍  50 ഓളം മറ്റ് രോഗികളുണ്ടായിരുന്നു. ഇവരെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. 
തീപിടിത്തത്തിനു പിന്നാലെ 12 മരണം സ്ഥിരീകരിച്ചുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നത്. രാവിലെ 6.30 ഓടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി. 
കോവിഡ് വാര്‍ഡിലെ 12 രോഗികള്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചുവെന്നാണ് എസ്പി രാജേന്ദ്രസിങ് ചുദാസാമ അറിയിച്ചിരുന്നത്. ബാക്കി ആറു പേര്‍ 
ആശുപത്രികളിലേക്ക് മാറ്റുന്നതിനിടയിലാണോ മരിച്ചതെന്ന് വ്യക്തമല്ല.
ഗുജറാത്ത് തലസ്ഥാനമായ അഹമ്മദാബാദില്‍നിന്ന് 190 കിലോമീറ്റര്‍ അകലെ ഭറൂച്ച് ജംബുസാര്‍ ഹൈവേയിലാണ് ഒരു ട്രസ്റ്റ് നടത്തുന്ന വെല്‍ഫെയര്‍ ആശുപത്രി.
തീപിടിത്തത്തിന്റെ കാരണം  കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഒരു മണിക്കൂറിനുള്ളില്‍ തീ നിയന്ത്രണവിധേയമായതായും 50 ഓളം രോഗികളെ നാട്ടുകാരും അഗ്‌നിശമന സേനാംഗങ്ങളും രക്ഷപ്പെടുത്തിയതായും അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.
 

Latest News