Sorry, you need to enable JavaScript to visit this website.

വീണ്ടും അല്‍ഖാഇദ; മുസ്ലിം ലോകം വിട്ടില്ലെങ്കില്‍ യു.എസിനെതിരെ യുദ്ധം

ലണ്ടന്‍- മുസ്‌ലിം ലോകത്ത് നിന്ന് പിന്മാറുന്നില്ലെങ്കില്‍ യുഎസിനെതിരെ യുദ്ധം ചെയ്യുമെന്ന് പുതിയ ഭീഷണിയുമായി  അല്‍ ഖാഇദ.
മുന്‍ നേതാവ് ഉസാമ ബിന്‍ ലാദിനെ വധിച്ചതിന്റെ  പത്താം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിയിരിക്ക അഫ്ഗാനിസ്ഥാനില്‍ തിരികെ എത്തുകയാണ് ആദ്യ പദ്ധതിയെന്ന് അല്‍ഖാഇദയുടെ രണ്ട് വക്താക്കള്‍  സിഎന്‍എന്‍ വാര്‍ത്താ ഏജന്‍സിയോട്  പറഞ്ഞു, അമേരിക്ക അഫ്ഗാനില്‍ പരാജയപ്പെട്ടുവെന്നും തിരിച്ചുവരവിന് പദ്ധതിയിടുകയാണെന്നുമാണ് അല്‍ഖാഇദയുടെ അവകാശവാദം. 
ഐ.എസിന്റെ ആക്രമണങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചതോടെ നിലവില്‍ അയ്മാന്‍ സവാഹിരി നേതൃത്വം നല്‍കിയിരുന്ന അല്‍ ഖാഇദ പിന്നാക്കം പോയിരുന്നു.  
പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സേനയുടെ സാന്നിധ്യമാണ് തീവ്രവാദ ഗ്രൂപ്പുകളായ അല്‍ഖാഇദയും ഐ.എസും  ഹിസ്ബുല്ലയും കാലങ്ങളായി വിഷയമാക്കുന്നത്.  
അമേരിക്കയുടെ എക്കാലത്തെയും നീണ്ട യുദ്ധം ഫലപ്രദമായി അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം പ്രഖ്യാപിച്ചിരുന്നു.

ബിന്‍ ലാദിന്‍ മരിച്ചുവെന്നും അല്‍ഖാഇദ അഫ്ഗാനിസ്ഥാനില്‍ നിലംപതിച്ചുവെന്നും എന്നെന്നേക്കുമായി യുദ്ധം അവസാനിപ്പിക്കേണ്ട സമയമാണിതെന്നുമാണ്  അദ്ദേഹം പറഞ്ഞിരുന്നത്. 

യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നതിന്റെ ഭാഗമായി അല്‍ഖാഇദയുമായുള്ള ബന്ധം അവസാനിപ്പിക്കാമെന്ന് താലിബാന്‍ അമരേക്കയുമായുള്ള ചര്‍ച്ചയില്‍ സമ്മതിച്ചിരുന്നു.  
2011 മെയ് രണ്ടിന് ബിന്‍ ലാദിനെ അമേരിക്ക വധിച്ച ശേഷം അല്‍ഖാഇദയുടെ നേരിട്ടുള്ള ആക്രമണങ്ങള്‍ കുറഞ്ഞുവെങ്കിലും  ആഗോളതലത്തില്‍  പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനാണ് സവാഹരി ശ്രമിച്ചത്. 
സവാഹിരിയുടെ നേതൃത്വത്തില്‍ അല്‍ഖാഇദ കൂടുതല്‍ വികേന്ദ്രീകൃതമായിത്തീര്‍ന്നുവെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയിരുന്നത്.  
അമേരിക്ക പിടികൂടാന്‍ ശ്രമിക്കുന്ന ഭീകരരുട പട്ടികയില്‍ ഉള്‍പ്പെടുന്ന സവാഹിരിയുടെ തലക്ക് 25 മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 
 

Latest News