മലപ്പുറം -നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം നാളെ വരാനിരിക്കേ ജില്ലയിലെ ചില മണ്ഡലങ്ങളിൽ അട്ടിമറി വിജയങ്ങളിൽ പ്രതീക്ഷയർപ്പിച്ച് മുന്നണികൾ. കടുത്ത മൽസരം നടന്ന ജില്ലയിലെ ആറ് മണ്ഡലങ്ങളിൽ ഫലം എന്താകുമെന്നാണ് ഇരുപക്ഷവും ഉറ്റുനോക്കുന്നത്. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി, താനൂർ, തവനൂർ മണ്ഡലങ്ങളിൽ നടന്ന ശക്തമായ പോരാട്ടത്തിന്റെ ഫലമെന്താകുമെന്നാണ് മുന്നണി പ്രവർത്തകർ ഉറ്റുനോക്കുന്നത്. സിറ്റിംഗ് സീറ്റുകൾ നിലനിർത്താൻ ഇരുപക്ഷവും ഇത്തവണ പ്രചാരണ നാളുകളിൽ ഏറെ വിയർത്തിരുന്നു. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും ജനവിധിയാണ് നാളെ വരാനിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജില്ലയിലെ 12 മണ്ഡലങ്ങളും ലഭിച്ചപ്പോൾ ഇടതുമുന്നണിക്ക് നാലെണ്ണമാണ് കിട്ടിയത്.
ഇത്തവണ ഈ നിലയിൽ മാറ്റമുണ്ടാകുമോ എന്നാണ് ഇരുപക്ഷവും ഉറ്റുനോക്കുന്നത്. ജില്ലയിൽ ഇത്തവണ പോളിംഗ് ശതമാനത്തിലുണ്ടായ കുറവ് ഇരുമുന്നണികൾക്കും ആശങ്കയുണ്ടാക്കിയിരുന്നു. 74.25 ശതമാനം വോട്ടർമാരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇതിൽ കൂടുതൽ സ്ത്രീകളാണ്.
കടുത്ത മൽസരം നടന്ന പെരിന്തൽമണ്ണയിൽ ഫലം എന്താകുമെന്ന് ഇരുപക്ഷത്തിനും കണക്കുകൂട്ടിയെടുക്കാനായിട്ടില്ല. യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റായ പെരിന്തൽമണ്ണയിൽ മുൻ മുസ്‌ലിം ലീഗ് നേതാവിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കി യു.ഡി.എഫ് വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. മലപ്പുറം നഗരസഭയുടെ മുസ്‌ലിം ലീഗുകാരനായിരുന്ന മുൻ ചെയർമാൻ കെ.പി.മുഹമ്മദ് മുസ്തഫയെ മൽസരിപ്പിച്ചത് മുസ്‌ലിം ലീഗിൽ നിന്ന് സീറ്റ് തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മുസ്‌ലിം ലീഗ് സ്ഥാനാർഥി നജീബ് കാന്തപുരം ഇത്തവണ വിജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ.
മങ്കട മണ്ഡലത്തിൽ മുസ്‌ലിം ലീഗിലെ മഞ്ഞളാംകുഴി അലിയും സി.പി.എമ്മിലെ ടി.കെ.റഷീദലിയും തമ്മിലുള്ള മൽസരവും കടുത്തതായിരുന്നു. ഇവിടെ ഇടതുമുന്നണി അട്ടിമറി വിജയം നേടുമെന്ന കണക്കുകൂട്ടലിലാണ്. അതേസമയം, സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണ കൂടി മഞ്ഞളാംകുഴി അലിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പിനു ശേഷം മുസ്‌ലിം ലീഗിന്റെ വിലയിരുത്തൽ. മന്ത്രി കെ.ടി. ജലീനെതിരെ ഫിറോസ് കുന്നുംപറമ്പിൽ മൽസരിച്ച തവനൂർ മണ്ഡലം ഇത്തവണ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധാകേന്ദ്രമായിരുന്നു. കെ.ടി.ജലീലിന് കടുത്ത വെല്ലിവിളിയാണ് ഇത്തവണ നേരിടേണ്ടി വന്നതെങ്കിലും തവനൂരിൽ ജലീൽ വിജയം ആവർത്തിക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ് മൽസരിക്കുന്ന താനൂർ മണ്ഡലത്തിലാണ് മുസ്‌ലിം ലീഗ് അട്ടിമറി വിജയം പ്രതീക്ഷിക്കുന്നത്. തിരൂരങ്ങാടി മണ്ഡലം ഇത്തവണ പിടിച്ചെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദിനെതിരെ സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത് വിജയിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
ജില്ലയിൽ തെരഞ്ഞെടുപ്പിൽ നിശ്ശബ്ദമായ അടിയൊഴുക്കുകളുണ്ടായിട്ടുള്ള മണ്ഡലമാണ് വള്ളിക്കുന്ന്. ഇവിടെ ഐ.എൻ.എൽ സ്ഥാനാർഥി പ്രൊഫ.എ.പി.അബ്ദുൾ വഹാബിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് തെരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. പൊന്നാനിയിൽ സി.പി.എം സ്ഥാനാർഥി നന്ദകുമാറിന് വെല്ലുവിളി ഉയർത്താൻ കോൺഗ്രസ് സ്ഥാനാർഥി എ.എം.രോഹിത്തിന് കഴിഞ്ഞിരുന്നു. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ യു.ഡി.എഫിന്റെ ശക്തി തകർക്കാൻ ഇടതുമുന്നണിക്ക് കഴിയില്ലെന്നാണ് വിലയിരുത്തൽ. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും വിജയം ഉറപ്പെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.