ഹായിൽ - മദ്യവും മയക്കുമരുന്ന് ശേഖരവുമായി രണ്ടു സൗദി യുവാക്കളെ ഹായിലിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. മുപ്പതു മുതൽ നാൽപതു വരെ വയസ് പ്രായമുള്ള പ്രതികളുടെ പക്കൽ ഒന്നേകാൽ കിലോയോളം ഹഷീഷും തോക്കും ആറു വെടിയുണ്ടകളും രണ്ടു കുപ്പി വിദേശ മദ്യവും ലഹരി ഗുളിക ശേഖരവും കണ്ടെത്തി. ഇരുവരും നേരത്തെ നിരവധി കേസുകളിൽ പ്രതികളാണ്. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഹായിൽ പോലീസ് അറിയിച്ചു.
മയക്കുമരുന്നുമായി മറ്റു രണ്ടു സൗദി യുവാക്കളെ ഹഫർ അൽബാത്തിനിൽ നിന്നും അറസ്റ്റ് ചെയ്തതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ വക്താവ് ക്യാപ്റ്റൻ മുഹമ്മദ് അൽനജീദി അറിയിച്ചു. ഇരുവരും മയക്കുമരുന്ന് പ്രദർശിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. നാൽപതിനടുത്ത് പ്രായമുള്ള പ്രതികളുടെ പക്കൽ 17 ലഹരി ഗുളികകളും ഹഷീഷും കൈതോക്കും കണ്ടെത്തി. നിയമ നടപടികൾക്ക് പ്രതികൾക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ക്യാപ്റ്റൻ മുഹമ്മദ് അൽനജീദി പറഞ്ഞു.