ന്യൂദല്‍ഹി- കോവിഡ് പ്രതിസന്ധിക്കിടെ സമൂഹ മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലുടേയും സഹായം അഭ്യര്‍ഥിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതി.
സഹായ അഭ്യര്‍ഥനകളെ ഭയപ്പെടുത്തി അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി.
ഇതു സംബന്ധിച്ച് സംസ്ഥാന ഡിജിപിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു പോലും ചികിത്സയ്ക്കായി ആശുപത്രികളില്‍ കിടക്കകള്‍ ലഭിക്കാത്ത ദുരവസ്ഥയാണുള്ളതെന്നും നിലവിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയും സഹായം അഭ്യര്‍ഥിച്ചുമുള്ള നിരവധി പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് കഴിഞ്ഞ ദിവസം ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.
കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സ്വമേധയ എടുത്ത കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു, എസ്. രവീന്ദ്രഭട്ട് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് സംസ്ഥാനങ്ങള്‍ക്കു കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയത്. ജനങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ തങ്ങളുടെ ദുരിതവും സഹായ അഭ്യര്‍ഥനയും പങ്ക് വെച്ചാല്‍ അത് തെറ്റായ വിവരമാണ് എന്ന ആരോപണം ഉന്നയിക്കരുത്. ഇത്തരം സഹായ അഭ്യര്‍ഥനകളെ ബലപ്രയോഗത്തിലൂടെ നേരിടാന്‍ ശ്രമിച്ചാല്‍ സംസ്ഥാനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും എതിരേ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും സുപ്രീംകോടതി താക്കീത് നല്‍കി. കോവിഡ് പ്രതിസന്ധിക്കാലത്ത് സോഷ്യല്‍ മീഡിയകള്‍ നല്‍കുന്ന സേവനത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയും അഭിനന്ദിച്ചിരുന്നു.
സോഷ്യല്‍ മീഡിയകളില്‍ കോവിഡ് പ്രതിസന്ധി വിവരങ്ങള്‍ പങ്ക് വെക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സോഷ്യല്‍ മീഡിയകളില്‍ സഹായ അഭ്യര്‍ഥനകളും ദുരിതങ്ങളും പങ്ക് വെക്കുന്നവരെ വിരട്ടരുതെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക വെര്‍ച്വല്‍ പത്രസമ്മേളനം നടത്തിയാണ് സോഷ്യല്‍ മീഡിയകളില്‍ പരിഭ്രാന്തി പങ്ക് വെക്കുന്നവര്‍ക്കെതിരേ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കുമെന്നു മുന്നറിയിപ്പു നല്‍കിയത്. അടുത്തയിടെ തന്റെ മുത്തശി ഓക്‌സിജന്‍ ലഭിക്കാതെ ഗുരുതരാവസ്ഥിയിലാണെന്ന് പോസ്റ്റ് ചെയ്ത യുവാവിനെതിരേ ഉത്തര്‍പ്രദേശ് പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഇത്തരം സംഭവങ്ങള്‍ക്കെതിരേ വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലേ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.






