എഴുപത്തൊന്നാം വയസ്സില്‍ സുധര്‍മക്ക് പെണ്‍കുഞ്ഞ്, മകന്റെ വിയോഗമുണര്‍ത്തിയ സങ്കടം മാറ്റാന്‍..

രാമപുരം-ഏക മകന്‍ മരിച്ചപ്പോള്‍ ആ അമ്മ വീണ്ടും ഒരു കുഞ്ഞിനായി ആഗ്രഹിച്ചു. പക്ഷെ വയസ്സ് 71 ആയിരുന്നു. പക്ഷെ സുധര്‍മയുടെ ആഗ്രഹം ഒടുവില്‍ സഫലമായി. സുധര്‍മക്കും സുരേന്ദ്രനും പെണ്‍കുഞ്ഞ് പിറന്നു.
ഒന്നര വര്‍ഷം മുന്‍പ് മകന്‍ സുജിത്ത് മരിച്ചതിനു പിന്നാലെയാണ് സു ധര്‍മയുടെ മനസ്സില്‍ ആ ആഗ്രഹം നാമ്പിട്ടത്. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്കു മുന്നില്‍ സുധര്‍മ തന്നെ ജയിച്ചു.
കൃത്രിമ ഗര്‍ഭധാരണത്തിനു ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ സിസേറിയന്‍ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് തൂക്കം കുറവാണ്. ആരോഗ്യത്തോടെ വളരാനുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്. രാമപുരത്തെ എഴുകുളങ്ങരയില്‍ വീട്ടിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. കുഞ്ഞിന്റെ പ്രതിരോധശക്തിക്കായി സുരേന്ദ്രനും സുധര്‍മയും എല്ലാ കരുതലും എടുക്കുന്നു.

പോലീസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍നിന്നു വിരമിച്ചതാണ് സുരേന്ദ്രന്‍. സുധര്‍മ റിട്ട.അധ്യാപിക. മകന്‍ സുജിത്തിന് സൗദി അറേബ്യയില്‍ ജോലിയായിരുന്നു. അവിടെ വച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. അവിവാഹിതനായിരുന്നു. മേയ് 31നു വിരമിക്കുന്ന തനിക്ക് ഇത് സര്‍വീസിലെ മറക്കാനാകാത്ത അനുഭവമാണെന്ന് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക കരുണാകരന്‍.
സ്വകാര്യ ആശുപത്രിയില്‍വച്ച് കൃത്രിമ ഗര്‍ഭധാരണം നടത്തി 12 ആഴ്ചക്കു ശേഷമാണ് സുധര്‍മ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

28 ആഴ്ച കഴിഞ്ഞപ്പോള്‍ സുധര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 32 ആഴ്ച തികഞ്ഞ മാര്‍ച്ച് 18ന് സിസേറിയന്‍ തീരുമാനിച്ചു. ജനിക്കുമ്പോള്‍ 1,100 ഗ്രാം മാത്രമായിരുന്നു കുഞ്ഞിന്റെ തൂക്കം. എന്നാല്‍, ഡിസ്ചാര്‍ജ് ചെയ്യുമ്പോഴേക്കും 1,350 ഗ്രാമായി.

 

Latest News