തിരുവനന്തപുരം- വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വന്തം മണ്ഡലമായ കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്തേക്ക് പോയി. രാവിലെയാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗം കണ്ണൂരിലേക്ക് തിരിച്ചത്.
ഫലപ്രഖ്യാപനം വന്നശേഷം ഞായറാഴ്ച രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ അദ്ദേഹം തലസ്ഥാനത്ത് തിരിച്ചെത്തും. വിജയിച്ച ശേഷമുള്ള സര്‍ട്ടിഫിക്കറ്റ് വരണാധികാരിയില്‍ നിന്ന് കൈപ്പറ്റിയശേഷമാകും തിരുവനന്തപുരത്തേക്ക് തിരിക്കുക. തെരഞ്ഞെടുപ്പില്‍ തുടര്‍ ഭരണമുറപ്പാക്കുന്ന മികച്ച വിജയപ്രതീക്ഷയാണ് മുഖ്യമന്ത്രിക്ക്. ഇന്നലെ പുറത്തുവന്ന എക്‌സിറ്റ്പോള്‍ ഫലങ്ങളും അദ്ദേഹത്തിന്റെ പ്രതീക്ഷ വളര്‍ത്തുന്നു.
ഇടതുമുന്നണി വിജയിച്ചാല്‍ നിലവിലെ മന്ത്രിസഭയുടെ രാജിക്കത്ത് സമര്‍പ്പിക്കും മുമ്പായി മാധ്യമങ്ങളെ കാണാന്‍ സാധ്യതയുണ്ട്. വിജയിച്ചാല്‍ നാലിന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം പുതിയ മന്ത്രിസഭാരൂപീകരണമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പുതിയ മന്ത്രിസഭയില്‍ ആരൊക്കെയെത്തുമെന്നതില്‍ അന്ന് ധാരണയാകും.