ഡയാന രാജകുമാരിയുടെ 1981ലെ വിവാഹ വസ്ത്രം 25 വര്‍ഷത്തിന് ശേഷം വീണ്ടും പ്രദര്‍ശിപ്പിക്കുന്നു

ലണ്ടന്‍- ചില ആളുകള്‍ മരണത്തിനു ശേഷവും നമ്മുടെ ഓര്‍മ്മകളില്‍ തന്നെ ഒരുപാട് കാലം ജീവിക്കും. അത്തരം അനശ്വരമായ ഓര്‍മ്മകളാണ് ആളുകള്‍ക്ക് ഡയാന രാജകുമാരിയെ കുറിച്ചുള്ളത്. അവരെ ഇഷ്ടപ്പെട്ടിരുന്ന ആളുകളുടെ മനസ്സില്‍ അവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഇപ്പോഴും പഴക്കം വന്നിട്ടില്ല. ഡയാനയുടെ ഫാഷന്‍ സമവാക്യങ്ങളും അതിനായി രാജനിയമങ്ങള്‍ വരെ ലംഘിക്കുന്നതുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. രാജകുമാരി ധരിച്ച വസത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയമായത് ഒരുപക്ഷേ തന്റെ വിവാഹ സുദിനത്തില്‍ ധരിച്ച ടഫേറ്റ ഡ്രസ്സാവും.
ബ്രിട്ടീഷ് ഫാഷന്‍ ഡിസൈനര്‍മാരായ ഡേവിഡും എലിസബത്ത് ഇമ്മാനുവേലുമായിരുന്നു ഈ മനോഹരമായ ഡ്രസ് ഡിസൈന്‍ ചെയ്തിരുന്നത്. 1981ല്‍ വെയ്ല്‍സ് രാജകുമാരനായ പ്രിന്‍സ് ചാള്‍സുമായുള്ള തന്റെ വിവാഹ ദിവസമാണ് ഡയാന രാജകുമാരി ഈ തൂവെള്ള വസ്ത്രം ധരിച്ചത്. മനോഹരമായ ഈ വസ്ത്രം അതിന്റെ ഫാഷന്‍ എന്നതിലപ്പുറം റോയല്‍ കോഡുകള്‍ ലംഘിച്ചു എന്ന കാരണത്താലും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഈ വസത്രത്തിന്റെ നീളം (ടെയിന്‍) കൊണ്ടാണ് അത് ഡ്രസ് കോഡ് നിയമങ്ങള്‍ തെറ്റിച്ചത്. ബ്രിട്ടീഷ് രാജകീയ ചരിത്രത്തില്‍ ഇതുവരെ ആരും ഇത്ര നീളം കൂടിയ വസ്ത്രങ്ങള്‍ പില്‍ക്കാലത്തും ധരിച്ചിട്ടില്ല.
ചരിത്രപരമായ ഈ വസ്ത്രം ഉടന്‍ തന്നെ ലണ്ടനിലെ കെന്‍സിങ്ടണ്‍ പാലസില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. ഏകദേശം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ വിവാദ വസ്ത്രം കാണാനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. 1995ല്‍ കെന്‍സിങ്ടണ്‍ കൊട്ടാരത്തില്‍ തന്നെ ഈ ഗൗണ്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 25 അടിയാണ് ഡയാന രാജകുമാരിയുടെ ഈ ഐകോണിക് വസ്ത്രത്തിന്റെ നീളം. സെന്റ് പോള്‍ കത്തീഡ്രലിന്റെ ഇടനാഴിയുടെ അത്രയും ദൈര്‍ഘ്യമുണ്ട് അതിന്.
ഡയാനയുടെ ഈ വസ്ത്രം അവരുടെ മക്കളായ ഡ്യൂക്ക് ഓഫ് കേംബ്രിഡ്ജ് വില്യം രാജകുമാരനും ഡ്യൂക് ഓഫ് സസക്‌സ് ഹാരി രാജകുമാരനും ലോണിനെടുത്തുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ലോകത്തിലെ തന്നെ വിവാഹ ചരിത്രത്തില്‍ ഏറ്റവും പ്രശസ്തമായ വസ്ത്രമാണിത്. ഇതിന്റെ നടുവില്‍ ഒരു ബോഡിസ് ഉണ്ട്. കൂടാതെ ഇരുവശങ്ങളിലേക്കുമായി ഭര്‍ത്താവിന്റെ അമ്മൂമ്മയായ മേരി രാജ്ഞി ഉപയോഗിച്ച കരിക്മാക്രോസ് ലെയ്‌സും ഘടിപ്പിച്ചിട്ടുണ്ട്.
1997ലാണ് ഒരു കാറപകടത്തില്‍ ഡയാന രാജകുമാരി മരിക്കുന്നത്. 'ജനങ്ങളുടെ രാജകുമാരി'യുടെ അകാലവിയോഗം രാജ്യത്തെ ജനങ്ങളെ പിടിച്ചുലച്ചു. മരുമകള്‍ക്ക് ആദരം അര്‍പ്പിച്ച് എലിസബത്ത് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ഡയാനയുടെ ശവപേടകത്തിന് മുന്നില്‍ രാജ്ഞി പരസ്യമായി തലകുമ്പിട്ട് ആദരം അര്‍പ്പിക്കുകയും ചെയ്തിരുന്നു.
1995ല്‍ മാധ്യമപ്രവര്‍ത്തകന്‍ മാര്‍ട്ടിന്‍ ബാഷിര്‍ ഡയാന രാജകുമാരിയുമായി നടത്തിയ ഒരു അഭിമുഖം വലിയ ചര്‍ച്ചയായിരുന്നു. ഗര്‍ഭാനന്തര വിഷാദം, ബുളിമിയ (ഭക്ഷണരീതിയുമായി ബന്ധപ്പെട്ട ഒരു തരം വൈകല്യം), എപ്പോഴും ശ്രദ്ധാകേന്ദ്രമായി നില്‍ക്കേണ്ടി വരുന്നതിന്റെ സമ്മര്‍ദ്ദം, ചാള്‍സ് കാമില ബന്ധം തുടങ്ങി തന്റെ പല പ്രശ്‌നങ്ങളും ഈ അഭിമുഖത്തില്‍ ഡയാന വെളിപ്പെടുത്തി. ഈ അഭിമുഖത്തിന് പിന്നാലെ ചാള്‍സ് ഡയാന വിവാഹമോചനത്തിന് രാജ്ഞി ഉത്തരവിട്ടു
 

Latest News