ന്യൂദല്‍ഹി- രാജ്യത്ത് മൂന്നാംഘട്ട കോവിഡ് വാക്സിനേഷന്‍ യജ്ഞം ശനിയാഴ്ച ആരംഭിക്കാനിരിക്കെ ഇതിനാവശ്യമായ വാക്സിന്‍ വിവിധ സംസ്ഥാനങ്ങളില്‍ സ്റ്റോക്കില്ല. വാക്സിന്‍ ദൗര്‍ലഭ്യം നേരിടുന്നതിനാല്‍ മൂന്നാംഘട്ട വാക്സിനേഷന്‍ മുടങ്ങുമെന്ന് ദല്‍ഹി, കര്‍ണാടക, ഗോവ, മധ്യപ്രദേശ്, പഞ്ചാബ്, ജാര്‍ഖണ്ഡ്,കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ അറിയിച്ചു. 18-45 വയസിന് ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷനാണ് നാളെമുതല്‍ ആരംഭിക്കുന്നത്.
ആവശ്യമായ വാക്സിന്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും വാക്സിനെടുക്കാനായി ജനങ്ങളാരും നാളെ വാക്സിന്‍ കേന്ദ്രങ്ങളിലേക്ക് വരേണ്ടെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
അടിയന്തരമായി 25-30 ലക്ഷം വാക്സിന്‍ ലഭിച്ചിട്ടില്ലെങ്കില്‍ മൂന്നാംഘട്ട വാക്സിനേഷന്‍ ആരംഭിക്കാനാകില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപെ അറിയിച്ചു. മൂന്ന് ദിവസത്തേക്ക് വാക്സിനേഷന്‍ നിര്‍ത്തിവെച്ചതായി മുംബൈ കോര്‍പ്പറേഷനും അറിയിച്ചിരുന്നു.
കര്‍ണാടകയിലും മൂന്നാംഘട്ട വാക്സിനേഷന്‍ വൈകും. ആവശ്യമായ വാക്സിന്‍ സ്റ്റോക്ക് സംസ്ഥാനത്തില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍ പറഞ്ഞു.
അഞ്ച് ലക്ഷം വാക്സിന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഇതു ലഭ്യമായാല്‍ 18-45 വയസിന് ഇടയിലുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കുമെന്നു ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. ആവശ്യമായ വാക്സിന്‍ വിതരണം ചെയ്യാന്‍ വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് സാധിക്കാത്തതിനാല്‍ മൂന്നാംഘട്ട വാക്സിനേഷന്‍ ശനിയാഴ്ച ആരംഭിക്കാനാകില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി.
വാക്സിനേഷന്‍ തുടരാനും 18 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് നല്‍കാനുമായി കേന്ദ്രം മൂന്ന് കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മൂന്നാംഘട്ട വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കാനാകില്ലെന്ന് പഞ്ചാബ്, ഝാര്‍ഖണ്ഡ് സര്‍ക്കാരുകളും അറിയിച്ചിട്ടുണ്ട്.