ന്യൂദല്‍ഹി- കോവിഡ് പ്രതിരോധ വാക്സിന്റെ വിലനിര്‍ണയവും വിതരണവും കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് വിട്ടുനല്‍കരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വാക്സിന്‍ വാങ്ങുന്നത് കേന്ദ്രസര്‍ക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാര്‍ക്കു വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യുണൈസേഷന്‍ പദ്ധതിയുടെ മാതൃക പിന്തുടരാത്തത്- കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവന്‍ വാക്സിനും കേന്ദ്രസര്‍ക്കാര്‍ വാങ്ങാത്തതെന്താണ്? നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങള്‍ക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. വാക്സിന്‍ സംഭരണം കേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചും വാക്സിന്‍ വിതരണം വികേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചുമാണ് തങ്ങള്‍ സംസാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം ക്വാട്ട സംസ്ഥാനങ്ങള്‍ക്ക് നല്‍കി. ഏത് സംസ്ഥാനത്തിന് എത്ര എത്രമാത്രം ലഭിക്കണമെന്ന് വാക്സിന്‍ നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിച്ചത്. വിഹിതനിര്‍ണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നത്- കോടതി ആരാഞ്ഞു. വാക്സിന്‍ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിര്‍മാതാക്കള്‍ക്ക് നല്‍കിയ സ്ഥിതിക്ക് സര്‍ക്കാരിന് വാക്സിനു മേല്‍ അവകാശമുണ്ട്- കോടതി നിരീക്ഷിച്ചു.
കമ്പനികള്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും രണ്ടുവിലയ്ക്ക് വാക്സിന്‍ വില്‍ക്കുന്നതിനെ കുറിച്ചും കോടതി ചോദ്യമുയര്‍ത്തി. വാക്സിന് എന്തുകൊണ്ടാണ് കേന്ദ്രത്തില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും രണ്ടുവില ഈടാക്കുന്നതെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ആരാഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു.






