Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പു ഫലം; കേരള കോൺഗ്രസ് ക്യാമ്പുകളിൽ പിരിമുറുക്കം

കോട്ടയം- തെരഞ്ഞെടുപ്പുഫലത്തിന് രണ്ടു ദിനം ശേഷിക്കേ കേരള കോൺഗ്രസ് ക്യാമ്പുകളിൽ പിരിമുറുക്കം. പിളർന്നു മാറി ഇരുമുന്നണികളിലേക്കും ചേക്കേറിയ കേരള കോൺഗ്രസുകൾക്ക് ഇത് നിലനിൽപ്പിന്റെ പോരാട്ടമാണ്. പ്രത്യേകിച്ച് ജോസ് കെ. മാണി വിഭാഗത്തിനും പി.ജെ. ജോസഫിനും. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച് കരുത്തുകാട്ടിയതിനാൽ ജോസ് പക്ഷത്തിനെ ഇടതുമുന്നണിയിൽ വിശ്വാസമുണ്ട്. പക്ഷേ അത് നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കണം. യു.ഡി.എഫിൽ നിലനിൽക്കുന്ന ജോസഫ് വിഭാഗത്തിന് കരുത്തുകാട്ടിയേ തീരൂ. ഇടതു മുന്നണിക്ക് വിജയം ലഭിക്കുകയാണെങ്കിൽ അത് ജോസ് പക്ഷത്തിന്റെ സ്ഥാനാർഥികളിലും പ്രതിഫലിക്കും. സി.പി.ഐ കാലുവാരിയില്ലെങ്കിൽ എല്ലാം ഭദ്രമെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്.


കേരള കോൺഗ്രസ് എമ്മിന് സ്വന്തം ജയത്തിനൊപ്പം ഇടതുമുന്നണിയുടെ വിജയവും ഉറപ്പിക്കണം. കോട്ടയത്ത് ജോസ് പക്ഷം യു.ഡി.എഫ് കോട്ടകളിൽ പ്രഹരം ഏൽപിക്കുമെന്നാണ് ഇടതു കണക്കുകൂട്ടൽ. ഇത് തെളിയിക്കണം. പാർട്ടി ഇടതുപാളയത്തിൽ വന്നത് നിയമസഭയിലും നേട്ടമായി എന്നു തെളിയിക്കണം. പാലായി കടുത്ത മത്സരമായിരുന്നുവെങ്കിലും ജോസ് പക്ഷം ആത്മവിശ്വാസത്തിലാണ്. കോട്ടയത്ത്  മത്സരിക്കുന്ന അഞ്ചു സീറ്റിൽ നാലിൽ എങ്കിലും വിജയിക്കണം. ഇടുക്കിയിൽ ഒന്നെങ്കിലും നിലനിർത്തണം. കോട്ടയത്ത് സി.പി.എം മൂന്നിടത്തേക്ക് ഒതുങ്ങി കേരള കോൺഗ്രസ് എമ്മിന് അഞ്ചിടത്ത് സീറ്റ് നൽകുകയായിരുന്നു. ഇത്തരമൊരു വിട്ടുവീഴ്ച വെറെ എങ്ങും ഉണ്ടായില്ല. മുഖ്യകക്ഷിയായ സി.പി.എം സീറ്റ് വിട്ടു നിൽകിയത് കേരള കോൺഗ്രസിന് ലഭിച്ച അംഗീകാരമാണ്. 13 സീറ്റ് കിട്ടിയെങ്കിലും കുറ്റിയാടി വേണ്ടെന്നുവെച്ച് അവർ 12 ഇടത്ത് മത്സരിച്ചു. പത്തിടത്തുവരെ വിജയിക്കുമെന്നാണു പ്രതീക്ഷ.


കോട്ടയത്ത് രണ്ടിൽനിന്ന് ഒന്നിലേക്ക് ചുരുങ്ങിയ സി.പി.ഐ. നല്ല രീതിയിൽ സഹകരിച്ചെന്ന് കേരള കോൺഗ്രസും സി.പി.ഐ.യും അവലോകനങ്ങളിൽ വിലയിരുത്തിയിരുന്നു. കേരള കോൺഗ്രസിനും മുന്നണിക്കും തോൽവിയുണ്ടായാൽ സംസ്ഥാനതലത്തിൽ തന്നെ സി.പി.ഐ. വിമർശനവുമായി രംഗത്തുവരാനും സാധ്യതയുണ്ട്. കേരള കോൺഗ്രസിനെ അമിതമായി പിന്തുണച്ചെന്ന പഴി സി.പി.എമ്മിന്, പ്രത്യേകിച്ച് കോട്ടയം ജില്ലാകമ്മിറ്റി കേൾക്കേണ്ടിവരും. എന്നാൽ സി.പി.ഐ പലയിടത്തും ചതിച്ചുവെന്നാണ് കേരള കോൺഗ്രസ് കരുതുന്നത്. പക്ഷേ തുറന്നുപറയുന്നില്ലെന്നു മാത്രം.


 ജോസഫ് വിഭാഗത്തിന് പത്തിൽ ഒൻപതുസീറ്റിൽ വരെ വിജയപ്രതീക്ഷയുണ്ട്. ജോസ് കെ. മാണിയെ ഒഴിവാക്കി മുന്നണി ജോസഫിനൊപ്പംനിന്നത് ശരിയായിരുന്നെന്ന് തെളിയിക്കാൻ വിജയം അനിവാര്യമാണ്. കോട്ടയത്ത് പഴയ ശക്തിയില്ലെന്ന് കോൺഗ്രസ് വിലയിരുത്തിയിട്ടും മൂന്ന് സീറ്റുകളാണ് കേരള കോൺഗ്രസിന് നൽകിയത്. ഏറ്റുമാനൂരിന്റെ പേരിൽ മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് പാർട്ടി വിടുകയും ചെയ്തു.


പുനഃസംഘടനയോടെ ഫ്രാൻസിസ് ജോർജ് ഉയർത്തിയ പ്രതിഷേധം, തോൽവി ഉണ്ടായാൽ ശക്തമാകും. പാർട്ടിക്കുള്ളിൽ മോൻസ് ജോസഫ് വലിയ സ്ഥാനങ്ങൾ നേടിയെന്നാണ് ഫ്രാൻസിസ് പക്ഷത്തിന്റെ ആരോപണം. ഇടുക്കിയിൽ ഫ്രാൻസിസ് വിജയിച്ചില്ലെങ്കിലും പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങൾ വന്നേക്കാം. പഴയ ജോസഫ് ഗ്രൂപ്പും ഫ്രാൻസിസ് ജോർജ് വിഭാഗവും മാണി വിഭാഗവുമൊക്കെയായി പല ചേരികൾ ശക്തിപ്പെട്ടേക്കാം. പി.സി. തോമസ് വിഭാഗത്തിലേക്കുള്ള ലയനവും ഭാരവാഹി തെരഞ്ഞെടുപ്പും ജോസഫ് വിഭാഗത്തിൽ അസംതൃപ്ത ഗ്രൂപ്പുകൾ ഉയർന്നിട്ടുണ്ട്. ഭാവിയിൽ ഇത് പ്രതിഫലിക്കുമോ എന്നാണ് അറിയാനുള്ളത്.

 

Latest News